ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു; പ്രസാദ് ഇ.ഡി. ശബരിമലയിൽ, എം.ജി. മനുനമ്പൂതിരി മാളികപ്പുറത്ത്
ശബരിമല: തുലാംമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെ നടന്ന നറുക്കെടുപ്പിലൂടെ അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു. **ചാലക്കുടി സ്വദേശി പ്രസാദ് ഇ.ഡി.**യാണ് ശബരിമല മേൽശാന്തി. കൊല്ലം മയ്യനാട് സ്വദേശിയായ മുട്ടത്തൂർ മഠം ആയിരതെങ്ങ് എം.ജി. മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തിയാകും.
ചാലക്കുടി മഠത്തൂർ കുന്ന് ഏറന്നൂർ മനയിലെ അംഗമാണ് പ്രസാദ് ഇ.ഡി. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് അദ്ദേഹം. പതിനാല് പേർ ഉൾപ്പെട്ട അന്തിമപട്ടികയിൽ നിന്നാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്. ശബരിമല സന്നിധാനത്ത് വെച്ച് പന്തളം കൊട്ടാരത്തിൽ നിന്നുള്ള കശ്യപ് വർമ്മയാണ് നറുക്കെടുപ്പ് നടത്തിയത്. എട്ട് നറുക്കെടുപ്പുകൾക്ക് ഒടുവിലാണ് പ്രസാദ് ഇ.ഡി.ക്ക് അവസരം ലഭിച്ചത്. അടുത്ത ഒരുവർഷം അദ്ദേഹം ശബരിമലയിലെ പുറപ്പെടാശാന്തിയായിരിക്കും.
മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുത്ത നറുക്കെടുപ്പ് നിർവഹിച്ചത് പന്തളം കൊട്ടാരത്തിൽ നിന്നുള്ള മൈഥിലി കെ. വർമ്മയാണ്. ഹൈക്കോടതി നിരീക്ഷകൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരു ക്ഷേത്രങ്ങളിലേക്കുമുള്ള നറുക്കെടുപ്പുകൾ നടന്നത്.