ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എസ്.ഐ.ടി. കസ്റ്റഡിയില്‍

പത്തനംതിട്ട ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും സസ്‌പെന്‍ഷനിലുമായ ബി. മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തുമണിയോടെ പെരുന്നയിലെ വീട്ടില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യൽ പൂർത്തിയായി. അറസ്റ്റ് സംബന്ധിച്ച കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയിലെടുത്ത മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചതായാണ് വിവരം.
​കേസിലെ ഗൂഢാലോചനയിൽ മുരാരി ബാബുവിന്റെ പങ്ക് വ്യക്തമാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. 2019 മുതല്‍ 2024 വരെയുള്ള കാലയളവിലെ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് ഇദ്ദേഹം. ദ്വാരപാലക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളിലും ഇയാൾ പ്രതിയാണ്. ആരോപണങ്ങളെത്തുടര്‍ന്ന് ദേവസ്വം ബോർഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്. 2029-ൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരിക്കെയാണ് ദ്വാരപാലക ശിൽപങ്ങളിലും കട്ടിള പാളികളിലും സ്വർണ്ണം പൂശിയതിന് പകരം ചെമ്പ് പൂശിയതെന്ന് രേഖപ്പെടുത്തിയത്. വ്യാജരേഖ ചമച്ചതിന്റെ തുടക്കം ഇദ്ദേഹത്തിന്റെ കാലത്താണെന്നാണ് റിപ്പോർട്ട്.
​അതേസമയം, സ്വർണ്ണപ്പാളി വിവാദത്തിൽ തനിക്ക് വീഴ്ചയില്ലെന്നാണ് ബി. മുരാരി ബാബു ആവർത്തിച്ചിരുന്നത്. മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ എന്ന നിലയിൽ വ്യക്തമാക്കിയിരുന്നു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിലുള്ളവരാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയതെന്നും അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
​കേസിൽ പ്രത്യേക അന്വേഷണ സംഘം സാക്ഷികളുടെ മൊഴിയെടുപ്പ് ഇന്നും തുടരും. സന്നിധാനത്ത് നിന്ന് സ്വർണ്ണ പാളികൾ കൊണ്ടുപോകുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പും ഇന്ന് മുതൽ ആരംഭിക്കുമെന്നാണ് സൂചന.
​ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30 വരെയാണ്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ ഉടൻ തെളിവെടുപ്പ് നടത്തും. സ്വർണ്ണക്കൊള്ളയിലെ ലാഭം ഉപയോഗിച്ച് വാങ്ങിയ സ്വർണ്ണനാണയങ്ങൾ ഉൾപ്പെടെ പോറ്റിയുടെ കൈവശമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് ലക്ഷം രൂപയും പോലീസ് കണ്ടെത്തിയിരുന്നു.