കൊല്ലം: ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ നാഷണൽ യൂണിറ്റി ദിനത്തിൽ (ദേശീയ ഐക്യ ദിനം) ലഹരി വിപത്തിനെതിരെ സന്ദേശം നൽകി ഇരവിപുരം പോലീസും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും (എസ്.പി.സി.) ചേർന്ന് കൂട്ടയോട്ടം സംഘടിപ്പിച്ചു.
ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) രാജീവ് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികൾക്കൊപ്പം കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
ഇരവിപുരം പോലീസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം സമാപിച്ചത് വാളത്തുങ്കൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ്. വാളത്തുങ്കൽ ഗേൾസ് എച്ച്.എസ്.എസ്., വെള്ളമണൽ സ്കൂൾ, മയ്യനാട് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ എസ്.പി.സി. കേഡറ്റുകൾ ദൗത്യത്തിൽ പങ്കാളികളായി.
സമാപനത്തോടനുബന്ധിച്ച്, ലഹരിവിരുദ്ധ സന്ദേശം ഇരവിപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ഷാജി അവതരിപ്പിച്ചു. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, എസ്.പി.സി. ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
 
			