ആധുനികവത്കരണം അനിവാര്യം; പോലീസ് ഉദ്യോഗസ്ഥർക്ക് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം : കെ.പി.ഒ.എ. ശില്പശാല
കൊല്ലം : കേസ് അന്വേഷണ രംഗത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നതിന് പോലീസ് സേനയുടെ ആധുനികവത്കരണവും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും അത്യാവശ്യമാണെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ.) കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല അഭിപ്രായപ്പെട്ടു.
പോലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുമ്പോൾ അനുഭവിക്കുന്ന പ്രതിസന്ധികൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനായി സംഘടിപ്പിച്ച ‘നമുക്ക് പറയാം’ എന്ന ജില്ലാതല ശില്പശാല, സ്റ്റേഷൻ തലത്തിൽ നടത്തിയ യൂണിറ്റ് തല ക്യാമ്പയിനിന്റെ തുടർച്ചയായിട്ടാണ് നടന്നത്.
പോലീസ് ഉദ്യോഗസ്ഥർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക, അതോടൊപ്പം കമ്പ്യൂട്ടറുകൾ, കേസ് എഴുതാനുള്ള മറ്റ് സാമഗ്രികൾ, കേസ് അന്വേഷണം കാര്യക്ഷമമാക്കാനുള്ള ഇൻവെസ്റ്റിഗേഷൻ കിറ്റ് തുടങ്ങിയ ഉപകരണങ്ങൾ അടിയന്തരമായി വാങ്ങി നൽകുക തുടങ്ങിയ കാര്യങ്ങൾ ശില്പശാലയിൽ പ്രധാനമായും ചർച്ച ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് ശില്പശാല ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എൽ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, അഡീഷണൽ എസ്.പി. സക്കറിയ മാത്യു, സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ എ. പ്രതീപ്കുമാർ, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഷിബു പാപ്പച്ചൻ, കെ.പി.എ. ജില്ലാ സെക്രട്ടറി സി. വിമൽകുമാർ എന്നിവർ പങ്കെടുത്തു. 

ജില്ലാ ട്രഷറർ കണ്ണൻ ടി. നന്ദി അറിയിച്ചു.
തുടർന്ന്, വിഷയത്തെക്കുറിച്ച് ഗ്രൂപ്പ് തലത്തിൽ ചർച്ചകൾ നടക്കുകയും പ്രധാന തീരുമാനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഡി., ജോയിന്റ് സെക്രട്ടറി ലത കെ., സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സനോജ് ബി. എസ്., മനു. എസ്., ഷഹീർ എസ്. തുടങ്ങിയവർ ശില്പശാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
 
			