കൊല്ലം ജില്ലാ പോലീസ് സൊസൈറ്റി മികവ് 2025 അവാർഡ് വിതരണം: 209 പേർക്ക് ബഹുമതി

സമൂഹത്തെ ചേർത്തുപിടിക്കണം; 'മികവ് 2025' സമാപിച്ചു; 209 പേരെ അനുമോദിച്ചു

കൊല്ലം:വിദ്യാഭ്യാസം, കല, കായികം, സാംസ്കാരികം, ഔദ്യോഗിക രംഗങ്ങൾ എന്നിവിടങ്ങളിൽ മികവ് തെളിയിച്ച അംഗങ്ങളെയും അംഗങ്ങളുടെ മക്കളെയും ആദരിക്കുന്നതിനായി കൊല്ലം ജില്ലാ പോലീസ് സൊസൈറ്റി ‘മികവ് 2025’ എന്ന പേരിൽ അവാർഡ് വിതരണ–പ്രതിഭ സംഗമം സംഘടിപ്പിച്ചു. കൊല്ലം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടന്ന ചടങ്ങ് സംഘത്തിന്റെ മുപ്പതാമത് വാർഷിക പൊതുയോഗത്തിന്റെ ഭാഗമായിരുന്നു.

പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് വിദ്യാർത്ഥികൾക്ക് സമൂഹസമഗ്ര വളർച്ചയുടെ പ്രാധാന്യം മനസ്സിലാക്കണം എന്ന് അഭിപ്രായപ്പെട്ടു. മുന്നോട്ടുള്ള യാത്രയിൽ സമൂഹത്തെ മുഴുവൻ ഒപ്പം കൊണ്ടുപോകുന്ന മനോഭാവം വളർത്തിയെടുക്കണമെന്നും അവർ പറഞ്ഞു.

മുഖ്യാതിഥിയായി പങ്കെടുത്ത കേരള എൻട്രൻസ് പരീക്ഷ കമ്മീഷണർ ഡോ. അരുൺ എസ് നായർ ഐ.എ.എസ് കഠിനാധ്വാനവും സ്ഥിരോത്സവവും വിജയത്തിന്റെ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു. വിജയികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസ–സാംസ്കാരിക രംഗങ്ങൾക്ക് ശക്തി നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 209 പേർക്കാണ് ഈ വർഷം മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചത്. സംഘം പ്രസിഡന്റ് എസ്. ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എസ്.ആർ ഷിനോദാസ് സ്വാഗതം നിർവഹിച്ചു.വൈസ് പ്രസിഡന്റ് സി. വിനോദ് കുമാർ നന്ദി രേഖപ്പെടുത്തി.

സംസ്ഥാന തല സംഘടനാ ഭാരവാഹികളായ കെ.പി.എസ്.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡി.കെ. പൃഥ്വിരാജ്, കെ.പി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു എന്നിവർ ആശംസാപ്രസംഗം നടത്തി. എ.സി.പി. മാരായ എ. പ്രദീപ് കുമാർ, എസ്. ഷെരീഫ്,അലക്സാണ്ടർ തങ്കച്ചൻ, എസ്.സാനി എ.നസീർ, ബൈജു കുമാർ,ജി.മുകേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സംഘടനാ ഭാരവാഹികളായ സി.ഐ. എൽ.അനിൽകുമാർ, സി.ഐ. പി.രാജേഷ് , ജിജു സി. നായർ, എസ്.എൽ സുജിത്ത് , ആർ.എസ്കൃഷ്ണകുമാർ, എ.എസ്ശിവേഷ്, വിമൽ കുമാർ സി, സി.ഡി. സുരേഷ് എന്നിവരും ഭരണസമിതി അംഗങ്ങളായ സനോജ് ബി.എസ്., ശിവകുമാർ എ.എ, ശോഭാമണി എസ്.കെ, റെജീന ബീവി, പ്രഭ ഒ. സലിൽ എസ്., സുധാകരൻ സി എന്നിവർ സന്നിഹിതരായിരുന്നു.

സംഘം നടപ്പാക്കി വരുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയായ *‘ഹൃദയസ്പർശം’*യുടെ ഭാഗമായി നീതി ലാബുമായി സഹകരിച്ച് കുറഞ്ഞ നിരക്കിൽ രക്ത പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.