തിരുവനന്തപുരം:കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത പ്രതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) നിന്ന് രക്ഷപ്പെട്ടു. കൊല്ലം സ്വദേശി രാജീവാണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്.
ഇ ഡി ഉദ്യോഗസ്ഥൻ എന്ന വ്യാജേന പണം തട്ടിയ കേസിലെ പ്രതിയായ രാജീവിനെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിൽ കഴിഞ്ഞിരുന്ന രാജീവ് ഇന്ന് പുലർച്ചെ ജനൽ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. ഐസിയുവിൽ നിന്ന് പ്രതി രക്ഷപ്പെട്ടത് ആശുപത്രി അധികൃതർക്കും പോലീസിനും കനത്ത തിരിച്ചടിയായി.
പോലീസ് അന്വേഷണം ഊർജ്ജിതം
പ്രതി രക്ഷപ്പെട്ട വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് തിരച്ചിൽ ആരംഭിച്ചു. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.