എൻ.സി.സി. ക്യാമ്പുകളിലെ ഭക്ഷണച്ചെലവ് ഇനി പൂർണ്ണമായും കേന്ദ്രം വഹിക്കും; പരേഡ് ദിവസത്തെ ചെലവ് അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം: ദേശീയ കേഡറ്റ് കോർപ്‌സ് (എൻ.സി.സി.) ക്യാമ്പുകളിൽ ഇനിമുതൽ കേഡറ്റുകളുടെ ഭക്ഷണച്ചെലവ് പൂർണ്ണമായും കേന്ദ്രസർക്കാർ വഹിക്കും. നിലവിൽ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവുമാണ് വഹിച്ചിരുന്നത്. ഈ പുതിയ തീരുമാനം ക്യാമ്പുകൾക്ക് വലിയ ആശ്വാസമാകും. പത്തുദിവസത്തെ ക്യാമ്പിന് ഒരു കുട്ടിക്ക് 2,200 രൂപയാണ് ഭക്ഷണത്തിനായി അനുവദിക്കുക.
വാർഷിക പരിശീലന ക്യാമ്പ്, സംയുക്ത വാർഷിക പരിശീലന ക്യാമ്പ്, വായു-നാവികസേനാ ക്യാമ്പുകൾ, ഏക ഭാരത് ശ്രേഷ്ഠ ഭാരത് ക്യാമ്പ്, റിപ്പബ്ലിക് ദിന പരേഡിനുള്ള ക്യാമ്പ് തുടങ്ങിയ എല്ലാ ക്യാമ്പുകൾക്കും ഈ പുതിയ മാനദണ്ഡം ബാധകമാകും. കേരളത്തിൽ 72 ബെറ്റാലിയനുകളുടെ കീഴിലായി എട്ടാം ക്ലാസ് മുതൽ കോളേജ് തലം വരെയുള്ള എഴുപതിനായിരത്തോളം കുട്ടികളാണ് എൻ.സി.സി.യിൽ അംഗങ്ങളായുള്ളത്.
സ്കൂൾ പരേഡ് ദിവസത്തെ കുടിശ്ശിക: 28 കോടി
ക്യാമ്പുകളിലെ മുഴുവൻ ചെലവും കേന്ദ്രം ഏറ്റെടുത്തതിനിടയിലും, സ്കൂൾ, കോളേജ് തലങ്ങളിൽ സാധാരണ പരേഡ് ദിവസങ്ങളിൽ നൽകേണ്ട ഭക്ഷണച്ചെലവിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 2022-’23 അധ്യയനവർഷം മുതൽ സംസ്ഥാന വിഹിതം നൽകാത്തതിനാൽ സ്കൂൾ പരേഡ് ദിവസങ്ങളിലെ ചെലവിനത്തിൽ 28 കോടി രൂപയോളം കുടിശ്ശികയുണ്ട്.
സംസ്ഥാന വിഹിതം ലഭിക്കാത്തതു കാരണം എൻ.സി.സി. ഡയറക്ടറേറ്റിലെ ‘റിഫ്രഷ്മെന്റ്’ അക്കൗണ്ടിൽ നിലവിൽ 2,000 രൂപയിൽ താഴെ മാത്രമാണ് ബാലൻസുള്ളതെന്നാണ് വിവരം. ഇതേത്തുടർന്ന്, ഒരു ലക്ഷം രൂപ വരെ സ്വന്തം നിലയിൽ ചെലവഴിച്ച അധ്യാപകർക്ക് പോലും പണം തിരികെ ലഭിക്കുന്നില്ല. എൻ.സി.സി. ഓഫീസുകളിൽ പണത്തിനായി എത്തുന്നവർക്ക് “ഫണ്ട് വന്നില്ല” എന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ, മിക്കയിടങ്ങളിലും ഇപ്പോൾ പരേഡ് ദിവസങ്ങളിൽ കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്.
തീരപ്രദേശങ്ങളിൽ നടപ്പാക്കുന്ന ‘കോസ്റ്റൽ എക്‌സ്‌പാൻഷൻ സ്‌കീമിൽ’ ഉൾപ്പെട്ട എൻ.സി.സി. യൂണിറ്റുകളിൽ പരേഡ് ദിവസത്തെ ഭക്ഷണച്ചെലവ് പൂർണ്ണമായും കേന്ദ്രമാണ് വഹിക്കുന്നത്. മറ്റ് സ്കൂളുകളിലെ പരേഡ് ദിവസത്തെ ഭക്ഷണച്ചെലവും പൂർണ്ണമായി കേന്ദ്രം ഏറ്റെടുക്കണമെന്ന ആവശ്യം സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ശക്തമായി ഉയർന്നിട്ടുണ്ട്.