തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പുലർത്താൻ കേരള പോലീസ്. ഡിജിപി പ്രത്യേക നിർദേശം നൽകിയതിനെത്തുടർന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഇത് സംബന്ധിച്ച് ഉടൻ നടപടിയെടുക്കാൻ നിർദേശം നൽകി.
പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുക, ജനത്തിരക്കേറിയ പ്രദേശങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുവിടങ്ങളിൽ ശക്തമായ പരിശോധനകൾ നടത്താനും ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ചെങ്കോട്ട സ്ഫോടനം; എട്ട് മരണം, റെഡ് അലേർട്ട്
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം വൈകീട്ട് 6.55 ഓടെ നിർത്തിയിട്ടിരുന്ന മാരുതി ഈക്കോ വാനിൽ വൻ സ്ഫോടനം നടക്കുകയായിരുന്നു. ഉഗ്ര ശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെത്തുടർന്ന് ഡൽഹി നഗരത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളിലും അതീവ ജാഗ്രത തുടരുന്നു.
ഇരുപതോളം ഫയർ എഞ്ചിനുകളെത്തിയാണ് സ്ഥലത്തെ തീ അണച്ചത്. എൻഎസ്ജി ബോംബ് സ്ക്വാഡും എൻഐഎയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സ്ഫോടനത്തിൽ പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള സ്ഫോടനമാണോ, ഭീകരാക്രമണ സാധ്യതയുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാവില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.