പത്തനംതിട്ട/റാന്നി:ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടത്തിയ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. നേരത്തെ കേസിൽ പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും.
എസ്ഐടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീണ്ട മണിക്കൂറുകൾ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് എൻ. വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണ്ണക്കൊള്ളക്കേസിൽ മുൻപ് അറസ്റ്റിലായവരുടെ മൊഴികളാണ് വാസുവിന്റെ അറസ്റ്റിന് വഴിതുറന്ന പ്രധാന ഘടകം.
ദേവസ്വം രജിസ്റ്ററിൽ സ്വർണ്ണത്തിന് പകരം ചെമ്പ് എന്ന് രേഖപ്പെടുത്തിയത് എൻ. വാസു ദേവസ്വം കമ്മീഷണറായിരുന്ന കാലഘട്ടത്തിലായിരുന്നു. ഈ സുപ്രധാന ക്രമക്കേടുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തത്.
ആദ്യമായി കമ്മീഷണറും പ്രസിഡന്റുമായ വ്യക്തി
മുൻ ജഡ്ജി കൂടിയായ എൻ. വാസുവിന് രാഷ്ട്രീയപരമായും ഭരണപരമായും വലിയ സ്വാധീനമുണ്ട്. അദ്ദേഹം രണ്ടുപ്രാവശ്യം ദേവസ്വം കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്. ദേവസ്വം കമ്മീഷണറായും ദേവസ്വം പ്രസിഡന്റായും നിയമിക്കപ്പെട്ട ആദ്യ വ്യക്തി എന്ന പ്രത്യേകതയും എൻ. വാസുവിനുണ്ട്.
അറസ്റ്റിനെത്തുടർന്ന് സംസ്ഥാനത്തെ രാഷ്ട്രീയ-ഭരണ തലങ്ങളിലും ദേവസ്വം ബോർഡുകളിലും വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. തുടർനടപടികൾക്കായി അദ്ദേഹത്തെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.സിപിഎമ്മുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എൻ. വാസു.