തൃശ്ശൂരിൽ രാഗം തിയേറ്റർ ഉടമ സുനിലിന് കുത്തേറ്റു; ഡ്രൈവറിനും പരിക്ക്, കൊട്ടേഷൻ സംഘം ആക്രമിച്ചത് വീടിന് മുന്നിൽ
തൃശ്ശൂർ: തൃശ്ശൂരിലെ പ്രമുഖ വ്യവസായിയും രാഗം തിയേറ്റർ നടത്തിപ്പുകാരനുമായ രാഗം സുനിലിന് നേരെ ആക്രമണം. ഇന്നലെ രാത്രി 10 മണിയോടെ വിളപ്പായിലെ വീടിന് മുന്നിൽ വെച്ചാണ് സുനിലിനും അദ്ദേഹത്തിൻ്റെ ഡ്രൈവർ അനീഷിനും നേരെ ആക്രമണം ഉണ്ടായത്. വീടിൻ്റെ ഗേറ്റ് തുറക്കാൻ കാറിൽ നിന്നും പുറത്തിറങ്ങിയ ഡ്രൈവറിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്. തുടർന്ന് കാറിനുള്ളിൽ ഇരുന്ന സുനിലിനും കാലിന് കുത്തേറ്റു. സുനിലിൻ്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
ഡ്രൈവർ അനീഷിനെ വലത്തെ കൈക്കാണ് പരിക്കേറ്റത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ മൂന്നുപേർ അടങ്ങുന്ന കൊട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാകുന്നുണ്ട്.
തൃശ്ശൂർ നഗരത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തിവന്നിരുന്ന വ്യക്തിയാണ് രാഗം സുനിൽ. ഈ സാമ്പത്തിക ഇടപാടുകളെത്തുടർന്നുണ്ടായ പകയാണ് കൊട്ടേഷൻ ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരിക്കേറ്റ ഇരുവരും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.