കൊല്ലം നഗരത്തെ അമ്പരപ്പിച്ച് മുള്ളൻപന്നി; കുന്നത്താംവെളി ക്ഷേത്രപരിസരത്ത് കണ്ടെത്തിയ വന്യജീവിയെ പോലീസ് വനംവകുപ്പിന് കൈമാറും
കൊല്ലം: തികച്ചും അപ്രതീക്ഷിതമായി കൊല്ലം നഗരമധ്യത്തിൽ, കുന്നത്താംവെളി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം മുള്ളൻപന്നിയെ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ബൈക്ക് യാത്രികർ വന്യജീവിയെ കണ്ടതായി സൂചിപ്പിച്ചിരുന്നെങ്കിലും പ്രദേശവാസികൾക്ക് വിശ്വാസം വന്നിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം പ്രാദേശിക കോൺഗ്രസ് നേതാവ് ഗിരീഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആരോഗ്യസ്ഥിതി മോശമായ നിലയിൽ മുള്ളൻപന്നിയെ കണ്ടെത്താനായത്. ഉടൻതന്നെ വിവരം ഇരവിപുരം പോലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം, വന്യജീവി വിഭാഗത്തിൽപ്പെടുന്ന മുള്ളൻപന്നിയെ സുരക്ഷിതമായി പിടികൂടി സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. തുടർന്ന്, ആവശ്യമായ സംരക്ഷണ നടപടികൾക്കായി മുള്ളൻപന്നിയെ ഉടൻതന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.