ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യക്കുറിപ്പ്: വടകര ഡിവൈഎസ്പിക്കെതിരെ ഗുരുതര പീഡനാരോപണം

ചെർപ്പുളശ്ശേരി: രണ്ടാഴ്ച മുൻപ് ചെർപ്പുളശ്ശേരിയിൽ ആത്മഹത്യ ചെയ്ത സിഐ ബിനു തോമസിന്റെ 32 പേജുള്ള ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ കേരളാ പോലീസ് സേനയിൽ വീണ്ടും വിവാദം. കോഴിക്കോട് വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതരമായ ലൈംഗിക പീഡനാരോപണങ്ങളാണ് കുറിപ്പിലുള്ളത്. ഇത് ഉന്നത ഉദ്യോഗസ്ഥരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
​2014-ൽ സിഐ ആയിരുന്ന കാലത്ത് ഡിവൈഎസ്പി ഉമേഷ്, ഒരു അനാശാസ്യ കേസിൽ പാലക്കാട് ജില്ലയിൽ അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യ ചെയ്ത ബിനു തോമസിന്റെ കുറിപ്പിലെ പ്രധാന വെളിപ്പെടുത്തൽ.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ആരോപണവിധേയനായ ഉദ്യോഗസ്ഥൻ, കേസിൽ അറസ്റ്റിലായ യുവതിയുടെ വീട്ടിൽ അന്നേ ദിവസം തന്നെ രാത്രിയിൽ എത്തിയാണ് പീഡനം നടത്തിയത്. യുവതിയുടെ അമ്മയും രണ്ട് മക്കളും ഉണ്ടായിരുന്ന വീട്ടിൽ വെച്ചാണ് സംഭവം.
​”കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് പോലീസ് ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങുകയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു” എന്നും ആത്മഹത്യക്കുറിപ്പിൽ ബിനു തോമസ് വ്യക്തമാക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടികൾ സിഐയുടെ ആത്മഹത്യയിലേക്ക് നയിച്ച ഘടകങ്ങളിൽ ഒന്നാണോ എന്നും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.
​തൊട്ടിൽപ്പാലം സ്വദേശിയായ 52-കാരനായ ബിനു തോമസിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. ആത്മഹത്യക്കുറിപ്പ് ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.