കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിനെ പരിഗണിക്കാത്തതിൽ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. എ ഐ ഗ്രൂപ്പുകളുടെ അതിതീവ്രമായ ചരടുവലിയാണ് ദീപ്തിയെ തഴയാൻ കാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ ആരോപിച്ചു. കെപിസിസി സർക്കുലർ അട്ടിമറിച്ചുകൊണ്ട് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന നീക്കങ്ങൾ ഏകപക്ഷീയമാണെന്നും, അർഹതപ്പെട്ടവരെ തഴയുന്ന ഇത്തരം ഗ്രൂപ്പ് പ്രവർത്തനങ്ങൾ പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പതിനാറാം വയസ്സിൽ കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച് പാർട്ടിയിൽ സജീവ സാന്നിധ്യമായ ദീപ്തി മേരി വർഗീസിനെപ്പോലൊരു നേതാവിനെ അവഗണിച്ചത് നീതികേടാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള വനിതാ നേതാക്കളെ തഴഞ്ഞ് ഗ്രൂപ്പ് താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഡിസിസി നേതൃത്വത്തിന്റെ നിലപാടിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധം പുകയുകയാണ്.