ശബരിമല സ്വർണ്ണക്കൊള്ള നിർണായ അറസ്റ്റ്: മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാറിനെ പിടികൂടി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നുമാണ് അന്വേഷണസംഘം വിജയകുമാറിനെ കസ്റ്റഡിയിലെടുത്തത്. കേസിൽ പത്മകുമാർ ഭരണസമിതിയിലെ മറ്റ് അംഗങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പത്മകുമാറിന്റെ മൊഴി നിർണ്ണായകമായി

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നൽകിയ മൊഴിയാണ് വിജയകുമാറിന്റെ അറസ്റ്റിലേക്ക് നയിച്ച പ്രധാന ഘടകം. സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും ക്രമക്കേടുകളിലും ബോർഡ് അംഗങ്ങൾക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ പത്മകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ പരിശോധനകൾക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കോടതിയുടെ ഇടപെടലും നടപടിയും

നേരത്തെ ഈ കേസ് പരിഗണിച്ചപ്പോൾ, മുൻ അംഗങ്ങളായ വിജയകുമാർ, ശങ്കർ ദാസ് എന്നിവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അന്വേഷണത്തിൽ ബോർഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടും നടപടി വൈകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് അന്വേഷണസംഘം നീക്കങ്ങൾ ഊർജ്ജിതമാക്കിയത്.