സഹപാഠിക്ക് മുഖ്യമന്ത്രിയുടെ മെഡൽ തിളക്കം ; ആദരവുമായി അധ്യാപകക്കൂട്ടം

കൊല്ലം: കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പഴയ സഹപാഠികൾ ഒത്തുചേർന്നപ്പോൾ അത് സ്നേഹാദരങ്ങളുടെ ഹൃദ്യമായ സംഗമമായി. 1996-ൽ കൊല്ലം ഗവൺമെന്റ് ടി.ടി.ഐയിൽ നിന്നും ടി.ടി.സി പഠിച്ചിറങ്ങിയ അധ്യാപക സുഹൃത്തുക്കളാണ്, 2025-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ തങ്ങളുടെ പ്രിയ സഹപാഠി സബ് ഇൻസ്പെക്ടർ വൈ. സാബുവിനെ ആദരിക്കാനായി ഒത്തുചേർന്നത്. നിലവിൽ കൊല്ലം ഡി.എച്ച്.ക്യു ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് വൈ. സാബു.
​പന്തളം എൻ.എസ്.എസ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി രഘുനാഥ് വി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടൈറ്റസ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. ഔദ്യോഗിക ജീവിതത്തിലെ ഏത് വലിയ നേട്ടത്തേക്കാളും വിലപ്പെട്ടതാണ് ഇന്നും കെടാതെ നിൽക്കുന്ന ഈ സൗഹൃദമെന്ന് ആദരവിന് മറുപടിയായി സാബു പറഞ്ഞു.
​ചടങ്ങിൽ പ്രഥമ അധ്യാപകരായ അച്ചാമ്മ, സന്ധ്യ, ഷൈനി എന്നിവർ ആശംസകൾ നേർന്നു. സാലി സ്റ്റീഫൻ, ബൈജു, വിനീത, പ്രീതി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വർഷങ്ങൾക്ക് ശേഷമുള്ള ഈ ഒത്തുചേരൽ പഴയകാല സ്മരണകൾ അയവിറക്കുന്നതിനൊപ്പം സൗഹൃദത്തിന്റെ കരുത്ത് വിളിച്ചോതുന്നതുമായി മാറി.
​സൗഹൃദത്തിന് മാറ്റുകൂട്ടാനായി മെമ്മറി ഗെയിം, ഫ്രണ്ട്ഷിപ്പ് ക്വിസ്, വിവിധ വിനോദ മത്സരങ്ങൾ എന്നിവയും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു