ബാറുകളിലും എക്സൈസ് ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന; ‘ഓപ്പറേഷൻ ബാർ കോഡ്’

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. ‘സെക്കന്റ്സ്’ എന്നറിയപ്പെടുന്ന അനധികൃത മദ്യവിൽപ്പനയും ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുടെ അഴിമതിയും തടയുന്നതിനായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ്-ന്റെ നിർദ്ദേശപ്രകാരം ‘ഓപ്പറേഷൻ ബാർ കോഡ്’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ 66 ബാറുകളിലും ബന്ധപ്പെട്ട എക്സൈസ് ഓഫീസുകളിലും ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഒരേസമയം പരിശോധന ആരംഭിച്ചത്.
​അന്യസംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന മദ്യവും സ്പിരിറ്റും ബെവ്‌കോ മദ്യത്തിൽ കലർത്തി വിൽക്കുന്നതായും, ഇത്തരം ക്രമക്കേടുകൾക്കെതിരെ നടപടി എടുക്കാതിരിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടിയായി കൈക്കൂലി വാങ്ങുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പുതുവത്സര ആഘോഷങ്ങളുടെ മറവിൽ അമിത ലാഭത്തിനായി അബ്കാരി നിയമങ്ങളും ലൈസൻസ് വ്യവസ്ഥകളും ലംഘിക്കുന്ന ബാറുകൾക്കെതിരെയും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കാനാണ് വിജിലൻസ് നീക്കം.