കൊട്ടിയം: ആഘോഷത്തിനിടയിൽ റോഡിലെ ആപത്തുകൾ ഒഴിവാക്കാൻ കൈകോർത്ത് കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. പുതുവത്സരത്തോടനുബന്ധിച്ച് കൊട്ടിയം പോലീസുമായി സഹകരിച്ച് ഏറ്റവും തിരക്കേറിയ കൊട്ടിയം – ഹോളിക്രോസ് റൂട്ടിലാണ് കേഡറ്റുകൾ ‘ശുഭയാത്ര’ എന്ന പേരിൽ വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ വർഷങ്ങളിൽ പുതുവത്സര വേളയിൽ കൊട്ടിയത്തും പരിസരങ്ങളിലുമുണ്ടായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷാ സന്ദേശമെത്തിക്കാൻ കേഡറ്റുകൾ നിരത്തിലിറങ്ങിയത്. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ഒഴിവാക്കുക, അമിതവേഗത നിയന്ത്രിക്കുക, മോട്ടോർ വാഹന നിയമങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയ കാര്യങ്ങൾ കേഡറ്റുകൾ യാത്രക്കാരെ ഓർമ്മിപ്പിച്ചു.
നിയമം പാലിച്ചവർക്ക് മധുരം; മറ്റുള്ളവർക്ക് ഉപദേശം
ഹെൽമറ്റ് കൈവശമുണ്ടായിട്ടും ധരിക്കാതെ യാത്ര ചെയ്തവരെ സ്നേഹപൂർവ്വം ഉപദേശിച്ചും ഹെൽമറ്റ് ധരിപ്പിച്ചുമാണ് കുട്ടിപ്പാലീസ് യാത്രയാക്കിയത്. അതേസമയം, കൃത്യമായി നിയമങ്ങൾ പാലിച്ച് ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചെത്തിയ യാത്രക്കാരെ മധുരപലഹാരങ്ങളും പുതുവത്സര ആശംസ കാർഡുകളും നൽകി അഭിനന്ദിച്ചത് ശ്രദ്ധേയമായി.
ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രഥമധ്യാപിക ജൂഡിത് ലത, ഡി.എച്ച്.ക്യു സബ് ഇൻസ്പെക്ടർ വൈ. സാബു, സി.പി.ഒ മാരായ എയ്ഞ്ചൽ മേരി, അനില, അധ്യാപകരായ ജെയ്സി , ജൂഡിത്, അയന, ഓഫീസ് സ്റ്റാഫ് ജോസഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.