രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടി

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നടപടി.
​അതേസമയം, കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർക്കാൻ കോടതി അനുമതി നൽകി. തനിക്കു പറയാനുള്ള കാര്യങ്ങൾ കേൾക്കാതെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ച കോടതി, കേസിൽ മറുപടി സത്യവാങ്മൂലം നൽകാൻ പരാതിക്കാരിക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
​രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസിലാണ് നിലവിലെ കോടതി നടപടികൾ. കേസിൽ ഈ മാസം 21-ന് കോടതി വിശദമായ വാദം കേൾക്കും. പരാതിക്കാരിയുടെ സത്യവാങ്മൂലവും സർക്കാരിന്റെ ഭാഗവും പരിശോധിച്ച ശേഷമായിരിക്കും എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അന്തിമ തീരുമാനമെടുക്കുക. അതുവരെയാണ് രാഹുലിന് അറസ്റ്റിൽ നിന്നുള്ള സംരക്ഷണം തുടരുക.
​സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ ഈ കേസിൽ പരാതിക്കാരി നേരിട്ട് കക്ഷി ചേരുന്നത് വരും ദിവസങ്ങളിൽ നിർണ്ണായകമാകും.