കെ.പി.ഒ.എ. ‘സാദരം 2026’ കുടുംബസംഗമം സംഘടിപ്പിച്ചു

കൊല്ലം: ജീവിതത്തിൽ എത്ര ഉന്നതനിലകളിൽ എത്തിയാലും വളർത്തി വലുതാക്കിയ മാതാപിതാക്കളെയും അവരുടെ ത്യാഗങ്ങളെയും വിസ്മരിക്കരുതെന്ന് എം. നൗഷാദ് എം.എൽ.എ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സാദരം 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ അഡീഷണൽ എസ്.പി (ഇൻ ചാർജ്) എ. പ്രദീപ് കുമാറിനെ കെ.പി.ഒ.എ ‘സാദരം 2026’ ചടങ്ങിൽ ഇരവിപുരം എം.എൽ.എ എം. നൗഷാദ് ഉപഹാരം നൽകി ആദരിക്കുന്നു. സമീപം അസിസ്റ്റന്റ് കളക്ടർ പാർവ്വതി ഗോപകുമാറും കെ.പി.ഒ.എ ഭാരവാഹികളും.

തേവള്ളി രാമവർമ്മ ക്ലബ്ബിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ, കലാ, കായിക മേഖലകളിൽ മികവുതെളിയിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മക്കളെയും വിശിഷ്ട സേവനത്തിന് മെഡലുകൾക്ക് അർഹരായ ഉദ്യോഗസ്ഥരെയും ആദരിച്ചു. പ്രതിഭകൾ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവ്വതി ഗോപകുമാർ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. കെ.പി.ഒ.എ. ജില്ലാ പ്രസിഡന്റ് എൽ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിജു സി. നായർ സ്വാഗതം പറഞ്ഞു. അഡീഷണൽ എസ്.പി. (ഇൻ ചാർജ്) എ. പ്രദീപ് കുമാർ, കെ.പി.ഒ.എ. സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവ്, ഡിവൈഎസ്പി എസ്.എസ്. ബൈജു, ജില്ലാ പോലീസ് സൊസൈറ്റി സെക്രട്ടറി ആർ. ഷിനോദാസ്, കെ.പി.എ. ജില്ലാ സെക്രട്ടറി സി. വിമൽകുമാർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ട്രഷറർ ടി. കണ്ണൻ നന്ദി രേഖപ്പെടുത്തി.