പാലക്കാട്/പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്ന് ശനിയാഴ്ച രാത്രി 12.30-ഓടെ അതീവ രഹസ്യമായായിരുന്നു പോലീസ് നടപടി. ബലാത്സംഗം, ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത പുതിയ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്.
നാടകീയ നീക്കങ്ങൾക്കൊടുവിൽ കസ്റ്റഡി
ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് എംഎൽഎ താമസിച്ചിരുന്ന ഹോട്ടലിലെത്തിയത്. ഹോട്ടൽ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്ത ശേഷമായിരുന്നു ഉദ്യോഗസ്ഥർ മുകൾനിലയിലേക്ക് നീങ്ങിയത്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് കൂടെയില്ലാതിരുന്ന സമയത്താണ് പോലീസ് സംഘം റൂമിലെത്തിയത്. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹം താമസിച്ചിരുന്ന 2002-ാം നമ്പർ മുറി പോലീസ് സീൽ ചെയ്തു.
രാഹുലിനെ ഉടൻ തന്നെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി. പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത കേസ് ആയതിനാലാണ് ഇവിടേക്ക് മാറ്റിയത്.
പോലീസിന്റെ നിരീക്ഷണം
കഴിഞ്ഞ ദിവസം പാലക്കാട് എത്തിയത് മുതൽ രാഹുൽ മാങ്കൂട്ടത്തിൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. അദ്ദേഹം പങ്കെടുത്ത വിവിധ പൊതുപരിപാടികളിലും പോലീസ് സാന്നിധ്യമുണ്ടായിരുന്നു. കസ്റ്റഡി നടപടികൾ നടക്കുന്ന സമയത്ത് വിവരം തിരക്കി മാധ്യമപ്രവർത്തകർ വിളിച്ചെങ്കിലും പാലക്കാട്ടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരാരും ഫോൺ എടുക്കാൻ തയ്യാറായില്ല.