എക്സൈസ് കമ്മീഷണറുടെ ‘എസ്കോർട്ട്’ നിർദേശം തള്ളി മന്ത്രി വി. ശിവൻകുട്ടി
'പ്രോട്ടോക്കോൾ തീരുമാനിക്കുന്നത് സർക്കാരാണ്'
തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് വകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധമായും എസ്കോർട്ട് പോകണമെന്ന എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിന്റെ വിവാദ നിർദേശത്തെ തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോൾ നിശ്ചയിക്കേണ്ടത് സർക്കാരാണെന്നും ഏതെങ്കിലും ഉദ്യോഗസ്ഥനല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എക്സൈസ് കമ്മീഷണർ വിചിത്രമായ ഈ നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ, നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് ഈ നീക്കമെന്ന സൂചന നൽകിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോൾ സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണ്. അത് ഉദ്യോഗസ്ഥർ സ്വയം തീരുമാനിക്കേണ്ട ഒന്നല്ല,
സംസ്ഥാനത്ത് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും കൃത്യമായ സുരക്ഷാ പ്രോട്ടോക്കോൾ നിലവിലുണ്ട്. ആ മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിലവിൽ കാര്യങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവാദ നിർദേശം ഇങ്ങനെ:
എക്സൈസ് മന്ത്രി ജില്ലകളിൽ എത്തുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥരും ഔദ്യോഗിക വാഹനവും അകമ്പടി (എസ്കോർട്ട്) പോകണമെന്നായിരുന്നു കമ്മീഷണറുടെ നിർദേശം. മന്ത്രി ഹോട്ടലുകളിലോ ഗസ്റ്റ് ഹൗസുകളിലോ താമസിക്കുമ്പോൾ ഉദ്യോഗസ്ഥരും വാഹനവും അവിടെ ഉണ്ടാകണമെന്നും കമ്മീഷണർ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
സാധാരണഗതിയിൽ പോലീസാണ് മന്ത്രിമാരുടെ സുരക്ഷയും പൈലറ്റ്/എസ്കോർട്ട് ഡ്യൂട്ടികളും നിർവഹിക്കുന്നത്. ഇതിനിടെ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ ഇത്തരം ഡ്യൂട്ടികൾക്കായി നിയോഗിക്കാനുള്ള കമ്മീഷണറുടെ നീക്കം ഭരണവൃത്തങ്ങളിലും ഉദ്യോഗസ്ഥർക്കിടയിലും ചർച്ചയായിരിക്കുകയാണ്.