കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ രാഷ്ട്രീയ ലോക്ദൾ; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ കർഷകശബ്ദവും നിർണ്ണായക ശക്തിയുമായ രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കുന്നു. സംഘടനാ സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി കേരളത്തിന്റെ ചുമതലയുള്ള (State Incharge) ഡോ. സുമീത് സുശീലൻ അറിയിച്ചു.

ദേശീയ ജനറൽ സെക്രട്ടറി ത്രിലോക് ത്യാഗിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന വിപുലമായ പുനഃസംഘടനയിലൂടെ സംസ്ഥാന പ്രസിഡന്റ് *ഷഹീദ് അഹമ്മദിന്റെ* നേതൃത്വത്തിൽ കേരളത്തിൽ അജയ്യമായ ഒരു രാഷ്ട്രീയ ബദൽ പടുത്തുയർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
കർഷകപക്ഷ രാഷ്ട്രീയത്തിലൂടെ ഉത്തരേന്ത്യയിൽ തരംഗമായ പാർട്ടി, ദക്ഷിണേന്ത്യയിലേക്കും വേരുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ സജീവമാകുന്നത്. യുവജനങ്ങളെ അണിനിരത്തി താഴെത്തട്ടുമുതൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്താൻ ഡോ. സുമീത് സുശീലൻ നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. ദേശീയ അധ്യക്ഷൻ ജയന്ത് ചൗധരിയുടെ വികസന കാഴ്ചപ്പാടുകളും ജനകീയ നയങ്ങളും മുൻനിർത്തി വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിലും കൺവെൻഷനുകൾ വിളിച്ചുകൂട്ടും. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് സജീവമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ആർ.എൽ.ഡി കേരള ഘടകത്തിന്റെ തീരുമാനം.