ഗവർണർ ഒഴിവാക്കിയ കേന്ദ്ര വിമർശനം നിയമസഭയിൽ വായിച്ച് മുഖ്യമന്ത്രി; സഭയിൽ അസാധാരണ നീക്കം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മനഃപൂർവം ഒഴിവാക്കിയ ഭാഗങ്ങൾ സഭയിൽ വായിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അസാധാരണ നടപടി സ്വീകരിച്ചു. സാമ്പത്തിക ഫെഡറലിസത്തെ കേന്ദ്രം തകർക്കുന്നുവെന്നും കേരളത്തെ സാമ്പത്തികമായി ഞെരിക്കുന്നുവെന്നുമുള്ള 12, 15, 16 ഖണ്ഡികകളിലെ പരാമർശങ്ങളാണ് ഗവർണർ വായിക്കാതെ വിട്ടത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ദീർഘകാലമായി കെട്ടിവെച്ചിരിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച കാര്യവും അദ്ദേഹം ഒഴിവാക്കിയിരുന്നു. എന്നാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ് ഔദ്യോഗികമായി നിലനിൽക്കുന്നതെന്നും അതിനാൽ ഗവർണർ വിട്ടുപോയ ഭാഗങ്ങൾ കൂടി സഭ അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നികുതി വിഹിതവും ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ അവകാശമാണെന്നും അതിന്മേലുള്ള സമ്മർദ്ദം ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുമെന്നും വ്യക്തമാക്കുന്ന ഭാഗത്തിനൊപ്പം ‘എന്റെ സർക്കാർ കരുതുന്നു’ എന്ന വാചകം ഗവർണർ സ്വന്തം നിലയ്ക്ക് കൂട്ടിച്ചേർത്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗവർണറുടെ നീക്കത്തിനെതിരെ സ്പീക്കറും രംഗത്തെത്തിയതോടെ സഭയിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്.