മദ്യത്തിന് പേരിടൽ മത്സരം: സർക്കാരിന് ഹൈക്കോടതിയുടെ കടുത്ത തിരിച്ചടി; ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകണം

കൊച്ചി: കേരളത്തിൽ പുതുതായി ഉല്പാദിപ്പിക്കുന്ന മദ്യത്തിന് പേരിടാൻ മത്സരം സംഘടിപ്പിച്ച നടപടിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ നിന്നും കടുത്ത തിരിച്ചടി. മദ്യത്തിന് പേര് നിർദ്ദേശിക്കാൻ മത്സരം നടത്തിയത് സർക്കാരിന്റെ അറിവോടെയല്ലെന്ന വാദം കോടതി പൂർണ്ണമായും തള്ളി. വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് കർശന നിർദ്ദേശം നൽകി. എക്സൈസ് ആക്ടിന്റെ ലംഘനമല്ല ഈ മത്സരമെന്ന സർക്കാരിന്റെ വാദം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. സർക്കാരിന് പുറമെ എക്സൈസ് കമ്മീഷണർ, ബെവ്‌കോ, മലബാർ ഡിസ്റ്റലറീസ് എന്നിവരോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
​കൊല്ലം ഡി.സി.സി. വൈസ് പ്രസിഡന്റ് എം.എം. സഞ്ജീവ് കുമാർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ആർ. രാധാകൃഷ്ണൻ മുഖേനയാണ് ഹർജി ഫയൽ ചെയ്തത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. സഞ്ജീവ് കുമാറിന് വേണ്ടി ആർ. രാധാകൃഷ്ണൻ തന്നെയാണ് കോടതിയിൽ ഹാജരായത്. സർക്കാർ സംവിധാനങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങൾ തന്നെ മദ്യത്തിന് പേരിടാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും ലഹരി വിരുദ്ധ നയങ്ങൾക്ക് വിരുദ്ധമാണെന്നും നിരീക്ഷിച്ചാണ് കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടത്.