തീരദേശത്തിന്റെ ഉന്നമനത്തിനായി ‘അറിവ്’; പള്ളിത്തോട്ടത്ത് മത്സ്യത്തൊഴിലാളി ബോധവൽക്കരണ സംഗമം

കൊല്ലം: ഫിഷറീസ് വകുപ്പും സ്റ്റേറ്റ് ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലും സംയുക്തമായി നടപ്പിലാക്കുന്ന ‘തീരോന്നതി’ പദ്ധതിയുടെ ഭാഗമായി പള്ളിത്തോട്ടത്ത് മത്സ്യത്തൊഴിലാളികൾക്കായി ‘അറിവ്’ ഏകദിന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പള്ളിത്തോട്ടം സെന്റ് സ്റ്റീഫൻ ചർച്ച് ഹാളിൽ നടന്ന പരിപാടി കൊല്ലം കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വിൻസി ബൈജു ഉദ്ഘാടനം ചെയ്തു.
​തീരദേശത്തിന്റെ സമഗ്രമായ വികസനവും സുരക്ഷയും ലക്ഷ്യമിട്ടാണ് ‘അറിവ്’ പരിപാടി സംഘടിപ്പിച്ചത്. തീരദേശ ശുചിത്വം, കടൽ സുരക്ഷ, ലഹരിവിരുദ്ധ ബോധവൽക്കരണം, സാമ്പത്തിക സാക്ഷരത എന്നിവയ്ക്ക് പുറമെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു.
​ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സ്മിത ഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.എച്ച്.ക്യു സബ് ഇൻസ്പെക്ടർ വൈ. സാബു, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എസ്. രാജീവ്, കോസ്റ്റൽ സബ് ഇൻസ്പെക്ടർ ജോസ്, വിമുക്തി കോർഡിനേറ്റർ സിദ്ധു, ലീഡ് ബാങ്ക് പ്രതിനിധി പദ്മകുമാർ, എ.എഫ്.ഇ.ഒ ഷാനവാസ് എന്നിവർ സംസാരിച്ചു. നൂറോളം മത്സ്യത്തൊഴിലാളികൾ പങ്കെടുത്ത പരിപാടി തീരദേശത്തെ അറിവില്ലായ്മകൾ പരിഹരിക്കാനും സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് അവബോധം നൽകാനും സഹായകമായി