സംസ്ഥാനത്ത് ബാർ സമയം ഏകീകരിച്ചു; ഇനി അർദ്ധരാത്രി 12 വരെ പ്രവർത്തിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം സർക്കാർ ഏകീകരിക്കുന്നു. ഇനി മുതൽ സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം. നിലവിൽ ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രമുണ്ടായിരുന്ന ഈ സമയക്രമം സംസ്ഥാനത്തെ മുഴുവൻ ബാറുകൾക്കും ബാധകമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഇതോടെ ബാറുകളുടെ പ്രവർത്തന സമയം പ്രതിദിനം രണ്ട് മണിക്കൂർ കൂടി വർദ്ധിക്കും.

നിലവിൽ ടൂറിസം മേഖലയ്ക്ക് പുറത്തുള്ള ബാറുകൾ രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇത് മാറ്റി രാവിലെ ഒരു മണിക്കൂർ നേരത്തെ (10 മണിക്ക്) തുറക്കാനും രാത്രി ഒരു മണിക്കൂർ വൈകി (12 മണിക്ക്) അടയ്ക്കാനുമാണ് അനുമതി നൽകുന്നത്.

ബാറുകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്നും പ്രവർത്തന സമയം വർദ്ധിപ്പിക്കണമെന്നും കാട്ടി ബാറുടമകൾ ദീർഘകാലമായി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ടൂറിസം മേഖലയിലെ ബാറുകൾക്ക് രാത്രി 12 വരെ അനുമതിയുള്ളപ്പോൾ, തൊട്ടടുത്ത പ്രദേശങ്ങളിലെ ബാറുകൾ 11 മണിക്ക് അടയ്ക്കേണ്ടി വരുന്നത് ബിസിനസിനെ ബാധിക്കുന്നുവെന്നും വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ഉടമകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാതികൾ കൂടി പരിഗണിച്ചാണ് സർക്കാരിന്റെ പുതിയ തീരുമാനം.
നേരത്തെ പുതുവത്സരം പോലുള്ള പ്രത്യേക ദിനങ്ങളിൽ മാത്രമായിരുന്നു എല്ലാ ബാറുകൾക്കും രാത്രി 12 വരെ പ്രവർത്തിക്കാൻ പ്രത്യേക അനുമതി നൽകിയിരുന്നത്. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ പുതിയ സമയക്രമം സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വരും.