‘ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കരുത്’ – പ്രധാനമന്ത്രിക്ക് കത്തെഴുതി ബിനോയ് വിശ്വം

[ad_1]

ന്യൂഡല്‍ഹി: ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിപിഐ എം.പി ബിനോയ് വിശ്വം. ഇന്ത്യയില്‍നിന്നുള്ള ഒരുലക്ഷത്തോളം തൊഴിലാളികളെയാണ് ഇസ്രയേലിലെ നിര്‍മാണ മേഖലയിലേക്ക് കമ്പനികൾ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നത്.

നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രാകരം ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 90,000-ഓളം പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകളാണ് ഇസ്രേയൽ റദ്ദാക്കിയത്. ആ ഒഴിവിലേക്കാണ് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്.

‘ലഭ്യമായ കണക്കനുസരിച്ച്, ഒരു മാസമായി തുടരുന്ന സംഘര്‍ഷത്തിനിടെ, ഗാസ മുനമ്പില്‍ പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 1400 പേരോളം ഇസ്രയേല്‍ക്കാരാണ്. ഇങ്ങനെ സംഘര്‍ഷഭരിതമായ സ്ഥലത്തേക്ക് ഇന്ത്യക്കാരെ അയക്കുമ്പോള്‍ പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാറിന്റെ ആശങ്ക ചോദ്യ ചിഹ്നമാകും.

തുച്ഛമായ വരുമാനമുള്ള ജോലികള്‍ക്കാവും ഇവരെ പരിഗണിക്കുക. നിങ്ങളുടെ സര്‍ക്കാറിനു കീഴില്‍ അവര്‍ അനുഭവിക്കുന്ന തൊഴിലിലായ്മയില്‍ നിന്നും പട്ടിണിയില്‍ നിന്നും രക്ഷപ്പെടാനാണ് അവര്‍ വിദേശത്തേക്ക് പോകുന്നത്. യുദ്ധം കാരണം നശിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തേക്ക് ദാരിദ്രത്തില്‍ കഴിയുന്ന പൗരന്മാരെ അയക്കുന്നത് നാണംകെട്ട കാര്യമാണ്’, അദ്ദേഹം കത്തില്‍ പറയുന്നു.

പരമ്പരാഗതമായി പലസ്തീനിനെ പിന്തുണക്കുന്ന ഇന്ത്യയുടെ നിലപാടിനെതിരാണ് ഈ നടപടിയെന്നും ഇത് ഇന്ത്യയുടെ ഖ്യാതി നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധഭൂമിയിലേക്ക് ഇന്ത്യന്‍ പൗരന്മാരെ നിര്‍ബന്ധിച്ച് അയച്ച് അവരുടെ ജീവിതം അപകടത്തിലാക്കരുതെന്നും പലസ്തീനുള്ള ഇന്ത്യയുടെ പിന്തുണ നിലനിര്‍ത്തണമെന്നും ആവശ്യപ്പെടുകയാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.



[ad_2]