മധ്യപ്രദേശിൽ വൻ പോളിംഗ് : കോൺഗ്രസും ബിജെപിയും പ്രതീക്ഷയിൽ

മധ്യപ്രദേശ്: ബി.ജെ.പിയും കോണ്‍ഗ്രസും വാശിയേറിയ പോരാട്ടം നടന്ന മധ്യപ്രദേശില്‍ പതിവില്ലാത്തവിധം തകര്‍പ്പൻ പോളിങ്.
230 മണ്ഡലങ്ങളിലെ അവസാനകണക്കില്‍ 77.15 ശതമാനമാണ് പോളിങ്. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയര്‍ന്ന പോളിങ് ശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 1.52 ശതമാനമാണ് ഉയര്‍ന്നത്. പുരുഷന്മാരില്‍ 78.21 ശതമാനവും സ്ത്രീകളില്‍ 76.03 ശതമാനവും പേര്‍ വോട്ട് ചെയ്തു.

പോളിങ് ശതമാനമുയര്‍ന്നത് ആരെ തുണക്കുമെന്നതാണ് സംസ്ഥാനം കാത്തിരിക്കുന്നത്. പ്രവചനവിദഗ്ധരും ആശയക്കുഴപ്പത്തിലാണ്. വര്‍ഷങ്ങളായി ബി.ജെ.പിയുടെ ഭരണം കണ്ടും അനുഭവിച്ചും മടുത്ത ജനം ആവേശത്തോടെയെത്തി വോട്ട് ചെയ്തെന്നാണ് കോണ്‍ഗ്രസ് ക്യാമ്ബുകള്‍ വിശ്വസിക്കുന്നത്. ഉയര്‍ന്ന പോളിങ് ശതമാനം കോണ്‍ഗ്രസിന് അനുകൂലമാകുമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

എന്നാല്‍, പോളിങ് ശതമാനം കൂടിയപ്പോള്‍ 2003ലും 2008ലും 2013ലും ബി.ജെ.പി ഭരണത്തിലെത്തിയ ചരിത്രവുമുണ്ട്. എന്നാല്‍, 2008ല്‍ 3.5 ശതമാനമായി ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചുവന്നതായിരുന്നു ചരിത്രം. സ്ത്രീകള്‍ക്ക് വേണ്ടി ബി.ജെ.പി മുന്നോട്ടുവെച്ച വാഗ്ദാനം സ്വാധീനം ചെലുത്തിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുരുഷ വോട്ടര്‍മാരേക്കാള്‍ രണ്ട് ശതമാനം കുറവാണ് ഇത്തവണ വോട്ട് ചെയ്ത സ്ത്രീവോട്ടര്‍മാര്‍. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരും എം.പിമാരും മത്സരിച്ച മണ്ഡലങ്ങളില്‍ വോട്ട് ശതമാനത്തില്‍ കുതിപ്പുണ്ട്. ജനത്തിന്റെ പ്രതികാര വോട്ടുകളാണിതെന്ന അഭിപ്രായവുമുയരുന്നുണ്ട്.

ഒന്നും പറയാനാവാത്ത സ്ഥിതിയാണെന്നും വോട്ടര്‍മാരുടെ മനസ്സ് എങ്ങോട്ടാണെന്ന് വ്യക്തമല്ലെന്നും രാഷ്ട്രീയനിരീക്ഷകനായ ഗിരിജ ശങ്കര്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരമോ ഭരണാനുകൂല വികാരമോ ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കോ പ്രചാരണത്തില്‍ പ്രതിഫലനമുണ്ടാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഭേദമില്ലാതെ, മികച്ച സ്ഥാനാര്‍ഥികള്‍ ജയിക്കും. 2018ല്‍ 75.63 ശതമാനമായിരുന്നു പോളിങ്. ബി.ജെ.പി 41.02ഉം കോണ്‍ഗ്രസ് 40.89ഉം ശതമാനം വോട്ടാണ് കഴിഞ്ഞ തവണ നേടിയത്. ബി.എസ്.പിക്ക് 10.83 ശതമാനം വോട്ടുണ്ടായിരുന്നു. എന്നാല്‍, അഞ്ച് സീറ്റുകള്‍ കോണ്‍ഗ്രസിന് കൂടുതലായി ലഭിച്ചിരുന്നു.