ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ നിന്ന് അശോക സ്തംഭം നീക്കി

ദില്ലി : ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ നിന്ന് അശോക സ്തംഭം നീക്കി. പുതിയ ലോഗോയില്‍ ധന്വന്തരിയെ ഉള്‍പ്പെടുത്തി. എന്‍എംസിയുടെ വെബ്സൈറ്റിലാണ് ലോഗോ മാറ്റിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസത്തേയും മെഡിക്കല്‍ മേഖലയേയും നിയന്ത്രിക്കുന്ന സമിതിയായ ദേശീയ മെഡിക്കല്‍ കമ്മീഷനെ ‘നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഭാരത്’ എന്നും മാറ്റി. ധന്വന്തരി ഹിന്ദു പുരാണങ്ങളില്‍ ആരോഗ്യത്തിന്റേയും ചികിത്സയുടേയും ദൈവമാണ് .

ദേശീയ ഹെല്‍ത്ത് മിഷന്റെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേര് മാറ്റണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടി. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ധനസഹായം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും പേര് ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’ എന്നാക്കിയിരുന്നു.
വിവിധ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും പേരില്‍ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരത്’ ആക്കുന്നതിനിടെയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയിലും ഭാരത് ഇടംപിടിച്ചിരിക്കുന്നത്.