ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ടു

ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ടു.
ദിവസങ്ങള്‍ക്ക് മുൻപാണ് സഞ്ജയ് സിംഗ് അദ്ധ്യക്ഷനായ പുതിയ സമിതി അധികാരത്തില്‍ വന്നത്.
പുതിയ സമിതിക്കെതിരെ കായിക താരങ്ങള്‍ രംഗത്തുവന്നിരുന്നു. നേരത്തെ കേന്ദ്രം പുറത്താക്കിയ പോക്സോ കേസിലെ പ്രതി ബ്രിജ് ഭൂഷന്റെ ഭരണ സമിതിയിലുള്ളവരാണ് പുതിയ സമിതിയെയും നിയന്ത്രിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി.
ഇതുകൂടാതെ അണ്ടർ 15, അണ്ടർ 20 ദേശീയ ചാമ്പ്യൻഷിപ്പുകൾ ബ്രിജ് ഭൂഷന്റെ വീട്ടുമുറ്റമായ ഗോണ്ടയിൽ നടത്താനുള്ള സഞ്ജയ് സിംഗിന്റെ തീരുമാനവും മന്ത്രാലയത്തെ ചൊടിപ്പിച്ചു. “പ്രസ്തുത ദേശീയ മത്സരങ്ങളിൽ പങ്കെടുക്കേണ്ട ഗുസ്തി താരങ്ങൾക്ക് മതിയായ അറിയിപ്പ് നൽകാതെയും, ഡബ്ല്യുഎഫ്‌ഐയുടെ ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെയുമുള്ള ഈ പ്രഖ്യാപനം തിടുക്കത്തിലുള്ളതാണ്,” കായികമന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
സഞ്ജയ് സിംഗിന്റെ നിയമനത്തെ എതിർത്ത് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവർ രംഗത്തെത്തിയിരുന്നു. പ്രതിഷേധ സൂചകമായി സാക്ഷി വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, ബജ്‌റംഗ് തന്റെ പത്മശ്രീ പുരസ്‌കാരം തിരികെ നൽകി.