തിരുവനന്തപുരം: ശിവഗിരി വേദിയിൽ പലസ്തീൻ വിഷയം പരാമർശിച്ച് മുഖ്യമന്ത്രി. പലസ്തീൻ എന്ന് കേൾക്കുമ്പോൾ മുസ്ലിങ്ങളുടെ ചിത്രം മാത്രമാണ് പലർക്കും ഓർമ്മ വരിക. എന്നാൽ അവിടെ ക്രൈസ്തവരുണ്ട്, അവരും കൊല്ലപ്പെടുന്നുണ്ട്. യേശു ജനിച്ച ബെത്ലഹേമിൽ ഇത്തവണ ക്രിസ്മസ് ഉണ്ടായിരുന്നില്ല. യേശു ജനിച്ചയിടത്ത് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി വേദിയിൽ ചൂണ്ടിക്കാണിച്ചു. എന്ത് കൊണ്ടാണ് ഈ വേദിയിൽ താനിത് പറയുന്നത് എന്ന് ആലോചിക്കുന്നവരുണ്ടാകാം എന്ന് പറഞ്ഞ മുഖ്യമന്ത്രി ഗുരു സന്ദേശത്തിന്റെ തെളിച്ചം എത്തിയിരുന്നെങ്കിൽ അവിടെ ചോരപ്പുഴ ഒഴുകുമായിരുന്നില്ലെന്ന് വ്യക്തമാക്കി. ഗുരുസന്ദേശം ലോകമാകെ എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 91-ാമത് ശിവഗിരി തീർത്ഥാടന മഹാമഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വേദിയിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി ശിവഗിരി മഠധിപതി സച്ചിദാനന്ദ സ്വാമി രംഗത്ത് വന്നിരുന്നു. പിണറായി ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയെന്നായിരുന്നു ശ്രീനാരാണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ പ്രതികരണം. ക്ഷേത്രങ്ങളിൽ പൂജാരിമാരായി പിന്നാക്കക്കാരെ നിയമിച്ചത് വിപ്ലവകരമായ നീക്കമാണെന്നും സച്ചിദാനന്ദ സ്വാമി പ്രശംസിച്ചു.