ദില്ലി : വീണ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു.സേവനം നൽകാതെ വിവാദ കരിമണൽഖനന കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന വിവാദത്തിലാണ് കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. മൂന്നംഗ സംഘമാണ് പരിശോധന സംഘത്തിൽ ഉള്ളത്. നാലുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര അന്വേഷണത്തെക്കുറിച്ച് മാത്യു കുഴൽനാടൻ
കേന്ദ്ര അന്വേഷണതിൽ അമിതാവേശം ഇല്ലെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ കോടികളുടെ തട്ടിപ്പിന് വ്യവസായ വകുപ്പ് കൂട്ടുനിന്നതിൽ വ്യവസായ മന്ത്രി മറുപടി പറയണമെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വീണ വിജയന്റെ എക്സാലോജിക്ക് കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിവാദം ഉണ്ടായപ്പോൾ തന്നെ സിപിഎം ആയിരുന്നു വീണ വിജയന് പിന്തുണയുമായി എത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തു വരട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.