തിരുവനന്തപുരം : കലയുടെയും കലാകാരന്മാരുടെയും മൂല്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഒടിടി പ്ലാറ്റ്‌ഫോമായിരിക്കും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സി സ്‌പേസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഒ ടി ടി പ്ലാറ്റ് ഫോം സി സ്‌പേസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹ്രസ്വ ചിത്രത്തിൽ തുടങ്ങി ഫീച്ചർ ഫിലുമകളടക്കം ലഭ്യമാകുന്ന രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ചുവട് വെയ്‌പ്പെന്ന പ്രത്യേകത ഇതിനുണ്ട്. മാറുന്ന ആസ്വാദനത്തിനനുസരിച്ചുള്ള പുത്തൻ സങ്കേതങ്ങൾ ലഭ്യമാക്കണം എന്നതാണ് സർക്കാർ നയം. സിനിമ നിർമാണം, ആസ്വാദനം തുടങ്ങിയ സമസ്ത മേഖലകളിലും വേഗത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുകയാണ്.
വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സ്വാധീനം വിതരണ, പ്രദർശന മേഖലകളിലടക്കം സ്വാധീനിക്കുന്നു. സിനിമ പൊതുസ്ഥലങ്ങളിൽ നിന്ന് തിയേറ്ററിലേക്കും പിന്നീട് ടെലിവിഷന്റെ വരവോടെ വീടുകളിലേക്കും എത്തി. എന്നാൽ ഇന്റർനെറ്റിന്റെ വരവോടെ എപ്പോൾ വേണമെങ്കിലും കാണാൻ കഴിയുന്ന ഒന്നായി സിനിമ മാറി. ഒ ടി ടി പ്രദർശനത്തിനായി ലാഭം മാത്രം അടിസ്ഥാനമാക്കി സിനിമകളെ തെരഞ്ഞെടുക്കുന്ന പ്രവണതയാണ് നിലവിലുള്ളത്.
എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടർ കെ. വി. അബ്ദുൾ മാലിക്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, വാർഡ് കൗൺസിലർ ഹരികുമാർ, കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ,ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടർ എൻ. മായ, ഫിയോക് പ്രസിഡന്റ് വിജയകുമാർ കെ, കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്, മൊബിയോട്ടിക്‌സ് സി.ഇ.ഒ തേജ് പാണ്ഡെ , കെ.എസ്.എഫ്.ഡി.സി. ഡയറക്ടർ ബോർഡ് മെമ്പർ എം. എ. നിഷാദ് എന്നിവർ സംബന്ധിച്ചു.
ചടങ്ങിനെ തുടർന്ന് വാനപ്രസ്ഥം സിനിമയുടെ പ്രത്യേക പ്രദർശനവും നടന്നു. 32 ഫീച്ചർ ചിത്രങ്ങളടക്കം 42 കണ്ടന്റാണ് തുടക്കത്തിൽ സി സ്‌പേസിൽ ലഭ്യമാകുന്നത്. തുടർന്ന് കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ക്രഡിറ്റ്, ഡബിറ്റ് കാർഡുകൾ, യു പി ഐ പേയ്‌മെന്റ് സൗകര്യങ്ങളടക്കം പ്ലാറ്റ് ഫോമിൽ ലഭ്യമാണ്.