ലോക്സഭാ തെരഞ്ഞെടുപ്പ് മാർച്ച് 14ന് പ്രഖ്യാപിച്ചേക്കും

ദില്ലി : ലോകസഭ തെരഞ്ഞെടുപ്പ് മാർച്ച് 14ന് പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് ഒരുങ്ങുന്നതായാണ് സൂചന. ബുധനാഴ്‌ചയാണ് രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന അവസാന മന്ത്രിസഭായോഗം നടക്കുന്നത്. തൊട്ടടുത്തുള്ള ദിവസങ്ങളില്‍ തന്നെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം.
സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗങ്ങള്‍ ബുധനാഴ്ചയോടെ പൂർത്തിയാകും. തീയതി പ്രഖ്യാപനത്തിനു മുൻപ് സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസർക്കാർ ആഭ്യന്തര മന്ത്രാലയവുമായി ചർച്ച നടത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നതിനാല്‍ സംസ്ഥാനങ്ങളിലെ കോടിക്കണക്കിനു രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നോടെ പ്രധാനമന്ത്രിയുടെ സന്ദർശന പരിപാടികള്‍ പൂർത്തിയാകും. സുപ്രധാന പ്രഖ്യാപനങ്ങളാണ് മന്ത്രിസഭാ യോഗത്തില്‍ പ്രതീക്ഷിക്കുന്നത്.

2019ലേതുപോലെ ഏഴു ഘട്ടങ്ങള്‍ ആയിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ രണ്ടാം വാരത്തില്‍ നടക്കുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. ജമ്മു കാശ്‌മീർ നിയസഭാ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യതയുമുണ്ട്.