കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കെ ബാബുവിനെതിരെ സിപിഎം സ്ഥാനാർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി തള്ളി ഹൈക്കോടതി.
പരാതിയെ സാധൂകരിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. കെ ബാബു മണ്ഡലത്തിൽ വിതരണം ചെയ്തെന്ന് സ്വരാജ് അവകാശപ്പെട്ട സ്ലിപ്പിനോടൊപ്പമുള്ള അയ്യപ്പന്റെ ചിത്രം മണ്ഡലത്തിലെ വീടുകളിൽ എത്തിയിട്ടില്ലെന്നും കണ്ടെത്തി.
ഹർജി നൽകി രണ്ടു വർഷത്തിനും പത്തുമാസത്തിനും ശേഷമാണ് ഹൈക്കോടതിയിൽ നിന്ന് ബാബുവിന് അനുകൂലമായി വിധി ഉണ്ടായിരിക്കുന്നത്.
സ്ഥാനാർഥിയുടെ ഫോട്ടോയോടൊപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോ വയ്ക്കുകയും കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയിൽ നൽകിയ ഹർജിയിൽ അറിയിച്ചിരുന്നു.