മുഖ്യമന്ത്രിയെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം :രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി.
അനുരഞ്ജന രാഷ്ട്രീയമാണ് പിണറായി വിജയൻ കേരളത്തിൽ നടപ്പിലാക്കി വരുന്നതെന്നും ബിജെപിയോട് മൃതസമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വലിയതുറയിൽ ശശി തരൂരിന്റെ റോഡ് ഷോയിൽ പങ്കെടുക്കവെയായിരുന്നു പിണറായി വിജയനെതിരെ പ്രിയങ്ക ഗാന്ധി പ്രതികരിച്ചത് .
ഒത്തുകളി രാഷ്ട്രീയമാണ് മുഖ്യമന്ത്രി വിജയൻ നടത്തിവരുന്നത്. ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് കേസുകളിൽ പിണറായി വിജയനെതിരെ മോദി നടപടിയെടുത്തില്ല. കൊടകര കള്ളപ്പണക്കേസിൽ കെ. സുരേന്ദ്രന്റെ പേര് കേട്ടിരുന്നു എന്നാൽ കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി നടപടി എടുത്തില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുമായി ചേർന്ന് നടത്തുന്നത് ഒത്തുതീർപ്പ് രാഷ്ട്രീയമാണ്. മുഖ്യമന്ത്രി സംസാരിക്കുന്നത് കോൺഗ്രസിനും തന്റെ സഹോദരനുമെതിരെ മാത്രമാണ്. ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരെ മുഖ്യമന്ത്രി സംസാരിക്കാൻ ഭയക്കുന്നു. എന്നാൽ രാഹുൽ ഗാന്ധി ആരെയും ഭയപ്പെടുന്നില്ല. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ആണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വലിയതുറയിൽ നടന്ന റോഡ് ഷോയിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് അണിനിരന്നത്. റോഡ് ഷോയ്ക്കിടെ നിരവധി സ്ഥലങ്ങളിൽ പ്രിയങ്ക ഗാന്ധി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പ്രവർത്തകരുമായി സംസാരിക്കുകയും തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന വിഷമതകൾ കേട്ട് മനസ്സിലാക്കുകയും ചെയ്തുകൊണ്ടാണ് യാത്ര തുടർന്നത്.