നരേന്ദ്രമോദി ഇന്ന് കന്യാകുമാരിയിൽ

കന്യാകുമാരി : ലോക്സഭാ തിര‍ഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാൾ ആണ് അവസാനവട്ട പോളിംഗ്. പൊതുപ്രചാരണം അവസാനിക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുന്നതിനായി എത്തിച്ചേരും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കന്യാകുമാരി കനത്ത സുരക്ഷയിലാണ്.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തുക. തുടര്‍ന്ന് ഹെലികോപ്ടറില്‍ 4.15ഓടെ കന്യാകുമാരിയിലെത്തും. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹെലികോപ്ടറിന്റെ ട്രയല്‍ റണ്ണടക്കം നടത്തിയിരുന്നു. രണ്ടായിരത്തിലധികം പോലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി 45 മണിക്കൂർ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിനായി ചെലവഴിക്കുമെന്നാണ് പ്രാഥമിക വിവരം. 2019 ലെ അവസാനഘട്ട തിരഞ്ഞെടുപ്പ് ദിവസം 17 മണിക്കൂർ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥിലെ രുദ്ര ഗുഹയില്‍ ധ്യാനമിരുന്നിരുന്നു.