ഉലക്കമേൽ കിടക്കാതെ കോൺഗ്രസ് നേതൃത്വം ; വയനാട് നേതൃ ക്യാമ്പിൽ കെ സുധാകരനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ.
വയനാട് : രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കെ സുധാകരനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ.
വയനാട് നടന്ന കെപിസിസി നേതൃ ക്യാമ്പിലാണ് കെ സുധാകരനെതിരെ വിമർശനവുമായി വി ഡി സതീശനും എ ഗ്രൂപ്പ് വിഭാഗവും രംഗത്തെത്തിയത്.
കെപിസിസി ഓഫീസിൽ കയറാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഓഫീസിൽ നടക്കുന്ന പല കാര്യങ്ങളും പുറത്തു പറയാൻ കൊള്ളില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കെപിസിസി സംസ്ഥാന അധ്യക്ഷന്റെ വീട്ടിൽ കൂടോത്രം ചെയ്തു എന്ന രീതിയിൽ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ മറ്റു പാർട്ടികൾ രാഷ്ട്രീയപരമായി ഉപയോഗിച്ചു. അതിൽ പാർട്ടി അധ്യക്ഷൻ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.
മണ്ഡലം കമ്മറ്റികൾ പുനസംഘടപ്പിച്ചപ്പോൾ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചില്ലെന്നും കെപിസിസി പ്രസിഡന്റിന്റെ വ്യക്തിപരമായ താല്പര്യങ്ങൾ മുന്നിൽ നിർത്തിയാണ് മണ്ഡല പുനസംഘടന നടത്തിയതെന്നും എ ഗ്രൂപ്പ് വിഭാഗം വിമർശനം ഉന്നയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം “ഇന്ത്യ’ മുന്നണി ശക്തമായ സാന്നിധ്യം തെളിയിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ കോൺഗ്രസിനുള്ളിൽ തന്നെയുള്ള പടലപിണക്കം മറനീക്കി പുറത്തുവരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എംഎൽഎമാരുടെ നിയമസഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെയുള്ള പോരുകൾ പാർട്ടിക്ക് ഗുണം ചെയ്യില്ലന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു.