മെസ്സിയുടെ സഹതാരം ; ഇന്ന് ജീവിക്കാനായി ടാക്സി ഡ്രൈവർ

അവിശ്വസനീയമായ ഗതിവിഗതികളാണ് ഫുട്ബാള്‍ കളങ്ങളെ ഉദ്വേഗഭരിതമാക്കാറുള്ളത്. അസാധ്യമെന്നു തോന്നുന്ന ആംഗിളുകളില്‍നിന്ന് ഏതുനിമിഷത്തിലാണ് കളിയെ മാറ്റിമറിക്കാൻ വെടിച്ചില്ലുകണക്കെയൊരു ഷോട്ട് പാഞ്ഞെത്തുകയെന്നത് പ്രവചിക്കാനാവില്ല.

കളിയുടെ നക്ഷത്രപ്രഭയില്‍ മുങ്ങിനില്‍ക്കുന്ന താരഗണങ്ങളുടെ ജീവിതത്തിന്റെ അവസ്ഥയും അതുതന്നെ. അല്ലെങ്കില്‍ ജോസ് ലൂയി ഗോമസ് നാളെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ അര്‍ജന്റീനയുടെ കുപ്പായമിട്ട് ലയണല്‍ മെസ്സിക്കൊപ്പം തേരുതെളിക്കുമായിരുന്നു.

പറഞ്ഞുവരുന്നത് ലൂയി ഗോമസിനെക്കുറിച്ചുതന്നെയാണ്. 2016 റയോ ഒളിമ്ബിക്സില്‍ അര്‍ജന്റീന േപ്ലയിങ് ഇലവനില്‍ കുപ്പായമിട്ടിറങ്ങിയ താരം. ഒരു വര്‍ഷത്തിനുശേഷം സാക്ഷാല്‍ മെസ്സിക്കൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം. 2017ല്‍ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അര്‍ജന്റീന സീനിയര്‍ ടീമിനുവേണ്ടി ലൂയി ഗോമസിന്റെ സ്വപ്നതുല്യമായ അരങ്ങേറ്റം.
ഭാവിയില്‍ റൈറ്റ് ബാക്ക് പൊസിഷനില്‍ അര്‍ജന്റീനയുടെ കരുത്തനായി ഗോമസ് മാറുമെന്നായിരുന്നു ഫുട്ബാള്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. റേസിങ് ക്ലബിന്റെ മുൻനിരകളിക്കാരനായിരുന്നു ഗോമസ്. പിന്നീട് ലാനൂസിലേക്ക് കൂടുമാറി. അക്കാലത്താണ് ദേശീയ ടീമിലേക്ക് വിളി വന്നത്. റൈറ്റ് ബാക്കായി ഗോമസ് കാഴ്ചവെച്ച മിടുക്ക് ബാഴ്സലോണയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കാറ്റലൻ ക്ലബ് അയാളുടെ പദചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തു. ലാനൂസിനൊപ്പം സൂപ്പര്‍ ലീഗ, കോപ ബൈസെന്റിനാരിയോ, സൂപ്പര്‍കോപ്പ അര്‍ജന്റീന എന്നിവയില്‍ കിരീടനേട്ടത്തില്‍ ഗോമസ് പങ്കാളിയായി.

എന്നാല്‍, കഥ മാറിയൊഴുകിയത് പെട്ടെന്നായിരുന്നു. ലോകത്തെ കളിക്കമ്ബക്കാര്‍ മുഴുവൻ ഉറ്റുനോക്കുന്ന അര്‍ജന്റീന കുപ്പായത്തില്‍ ഗോമസിന് പിന്നീടൊരു തുടര്‍ച്ചയുണ്ടായതേയില്ല. 2021ല്‍ കോപ സുഡാമേരിക്കാനയില്‍ ഗ്രീമിയോക്കെതിരായ മത്സരശേഷം ഫസ്റ്റ് ഡിവിഷനില്‍ അവൻ പിന്നീടൊരു മത്സരത്തിനും ബൂട്ടുകെട്ടിയതുമില്ല. ഇടതുകാല്‍മുട്ടിനേറ്റ പരിക്ക് ആ പ്രതിഭാധനനെ കളത്തിനുപുറത്തേക്ക് എടുത്തെറിഞ്ഞു. ആ പരിക്കുലച്ച ആത്മവിശ്വാസം മൈതാനത്ത് തിരിച്ചെത്തുന്നതില്‍ ഗോമസിന് വിലങ്ങുതടിയായി. 2018 റഷ്യൻ ലോകകപ്പില്‍ അര്‍ജന്റീന നിരയിലുണ്ടാകുമെന്ന് കരുതിയിരുന്ന കളിക്കാരൻ താരപ്രഭയില്‍നിന്നുതന്നെ നിഷ്‍കാസിതനായി.

അന്നുമുതല്‍ ജീവിതത്തിന്റെ ഗോള്‍മുഖത്ത് ലക്ഷ്യം കാണാൻ പെടാപ്പാടുപെടുകയാണ് ഗോമസ്. മെസ്സിക്കൊപ്പം പതിനായിരങ്ങള്‍ക്കു നടുവില്‍ താരകുമാരനായി കളത്തിലിറങ്ങിയവൻ ഇന്ന് ജീവിക്കാൻ യൂബര്‍ ടാക്സി ഡ്രൈവറുടെ കുപ്പായമണിയുകയാണ്. അതിനിടയില്‍ കരിയറിലേക്ക് തിരിച്ചെത്താൻ കളിയുമോ എന്ന പ്രത്യാശയില്‍ ഫിറ്റ്നസ് തിരിച്ചുപിടിക്കാനുള്ള പരിശീലനവും തുടരുന്നുണ്ട്. ‘ഞങ്ങളുടേത് എല്ലായ്പോഴും ലളിതമായ രീതിയില്‍ മുമ്ബോട്ടുപോകുന്ന കുടുംബമാണ്. ട്രെയിനിങ്ങിനുശേഷം കാറുമായി അവൻ ജോലിക്കുപോകാറുണ്ട്. ഉച്ചകഴിഞ്ഞ് തുടങ്ങുന്ന ജോലി രാത്രിവരെ തുടരും’ -ഗോമസിന്റെ പിതാവ് ‘ഒലേ’ ദിനപത്രത്തോട് പറഞ്ഞു.

തങ്ങളുടെ പഴയ താരത്തിനുവേണ്ടി റേസിങ് വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരുന്നു. 2022 ഡിസംബറില്‍ കരാര്‍ അവസാനിക്കുന്നതിനാല്‍ ആ വര്‍ഷമാദ്യം ഗോമസിന് തിരിച്ചെത്താനുള്ള അവസരങ്ങളാണ് ക്ലബ് മുന്നോട്ടുവെച്ചത്. എന്നാല്‍, പരിക്കിന്റെ വേദനകള്‍ ബാക്കിയിരുന്നതിനാല്‍ ഫസ്റ്റ് ടീമിലും റിസര്‍വ് ടീമിലും ഉള്‍പ്പെട്ടില്ല. ഇപ്പോള്‍ ഫിസിക്കല്‍ ട്രെയിനറുമൊത്ത് തീവ്രപരിശീലനത്തിലാണ് താരം. ഈ 30-ാം വയസ്സില്‍ തന്നെത്തേടി മമറ്റൊരവസരം വരാതിരിക്കില്ലന്ന വിശ്വാസത്തിലാണവൻ കാത്തിരിക്കുന്നത്.