മേയർ – ഡ്രൈവർ തർക്കം ബസിലെ മെമ്മറി കാർഡ് കാണാതായി

തിരുവനന്തപുരം:മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പ്രധാന തെളിവായ ബസ്സിനുള്ളിലെ ക്യാമറ ദൃശ്യങ്ങൾ കണ്ടെടുക്കാനായില്ല.
ബസ്സിനുള്ളിലെ ദൃശ്യങ്ങൾ പരിശോധിക്കാനായി കാന്റോൺമെന്റ് സിഐയുടെ നേതൃത്വത്തിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഡിജിറ്റൽ വീഡിയോ റെക്കോർഡ് പരിശോധിച്ചപ്പോഴാണ് മെമ്മറി കാർഡ് അതിൽ ഇല്ലെന്ന് മനസ്സിലായത്. തുടർന്ന് കെഎസ്ആർടിസി ഉന്നത അധികാരികളെ പോലീസ് ഉദ്യോഗസ്ഥർ വിവരം ധരിപ്പിച്ചു.


മെമ്മറി കാർഡ് വില്ലനോ നായകനോ?

മേയർ ആര്യ രാജേന്ദ്രന്റെ ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് തർക്കത്തിനിടയിൽ ബസ്സിനുള്ളിൽ കയറി യാത്രക്കാരെ ഇറക്കി വിട്ടതായി ഡ്രൈവർ ആരോപിച്ചിരുന്നു.
തന്റെ സ്ത്രീത്വത്തെ കെഎസ്ആർടിസി ഡ്രൈവർ അധിക്ഷേപിച്ചെന്നു മേയർ ആര്യ രാജേന്ദ്രൻ തിരിച്ചും ആരോപണവും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിന്റെയൊക്കെ സത്യാവസ്ഥ കണ്ടെത്തണമെങ്കിൽ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച ക്യാമറകളുടെ മെമ്മറി കാർഡ് കണ്ടെത്തണം. എങ്കിൽ മാത്രമേ കേസന്വേഷണം മുന്നോട്ടുപോകാൻ കഴിയൂ.
അതേസമയം മെമ്മറി കാർഡ് എപ്പോഴാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വിവാദത്തിൽ അകപ്പെട്ട കെഎസ്ആർടിസി ബസ്സിൽ മൂന്ന് ക്യാമറകളാണ് ഉണ്ടായിരുന്നത്.
മെമ്മറി കാർഡ് കാണാതായതിനെ തുടർന്ന് അന്വേഷണത്തിന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ സി എം ഡി ക്ക് നിർദ്ദേശം നൽകി.