[ad_1]

പാസ്പോർട്ട് പ്രിന്റ് ചെയ്യാൻ കഴിയാതെ വലഞ്ഞ് പാകിസ്ഥാൻ. ലാമിനേഷൻ പേപ്പറിന്റെ ക്ഷാമം രൂക്ഷമായതോടെയാണ് രാജ്യത്ത് പാസ്പോർട്ടുകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചത്. ഇതോടെ, പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റു രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. അനന്തമായ കാത്തിരിപ്പ് പലരുടെയും അവസരങ്ങൾ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
ലാമിനേഷൻ പ്രതിസന്ധിയെ തുടർന്ന് ഏകദേശം 7 ലക്ഷത്തിലധികം പാസ്പോർട്ടുകളാണ് പ്രിന്റ് ചെയ്യാൻ കഴിയാതെ കെട്ടിക്കിടക്കുന്നത്. ഫ്രാൻസിൽ നിന്നാണ് സാധാരണയായി പാകിസ്ഥാൻ ലാമിനേഷൻ പേപ്പറുകൾ ഇറക്കുമതി ചെയ്യാറുള്ളത്. എന്നാൽ, രാജ്യത്ത് കനത്ത സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നതിനാൽ പേപ്പറുകൾ ഇറക്കുമതി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. 2013ലും സമാനമായ കാലതാമസം പാകിസ്ഥാൻ നേരിട്ടിരുന്നു.
പാകിസ്ഥാൻ നഗരങ്ങളിലെ പാസ്പോർട്ട് ഓഫീസുകളിൽ പ്രിന്റിംഗ് എപ്പോൾ പുനരാരംഭിക്കും എന്നതിനെക്കുറിച്ച് ഒരു സൂചനയും സർക്കാർ നൽകിയിട്ടില്ല. മുൻപ് പ്രതിദിനം 4000 പാസ്പോർട്ടുകൾ വരെ അനുവദിച്ച സ്ഥാനത്താണ് പാകിസ്ഥാൻ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
[ad_2]