യുകെ സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി

ലണ്ടൻ : യു കെ പ്രധാനമന്ത്രി ഋഷി സുനകിനെയും ഭാര്യ അക്ഷത മൂര്‍ത്തിയെയും സന്ദര്‍ശിച്ച്‌ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

ദീപാവലി ദിനത്തില്‍ 10 ഡൗണിംഗ് സ്ട്രീറ്റിലെത്തിയ എസ് ജയശങ്കര്‍ യുകെ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും ഗണേശ പ്രതിമയും സമ്മാനിക്കുകയും ചെയ്തു. ഒപ്പം ഇരുവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആശംസകളും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ജയശങ്കര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അടുത്ത കാലങ്ങളിലായി ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇരുരാജ്യങ്ങളും സജീവമായ ശ്രമങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എസ് ജയശങ്കര്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി യുകെയിലെത്തിയത്. അടുത്ത ദിവസങ്ങളിലായി യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഉള്‍പ്പടെ നിരവധി പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. അദ്ദേഹം നവംബര്‍ 15ന് സന്ദര്‍ശനം അവസാനിപ്പിക്കും.