ഗാസ : സുരക്ഷിത ഇടനാഴിയിലൂടെ തെക്കൻ ഗസ്സയിലേക്ക് പോകാൻ ഫലസ്തീൻ വയോധികനെ സഹായിക്കുന്ന തങ്ങളുടെ സൈനികന്‍റെ ചിത്രം ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടിരുന്നു.
എന്നാല്‍, ഫലസ്തീൻ മണ്ണില്‍ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമങ്ങളിലും ഹീനമായ യുദ്ധക്കുറ്റങ്ങളിലും അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇസ്രായേല്‍ സൈന്യത്തിന്‍റെ മുഖം രക്ഷിക്കാനുള്ള ഒരു പി.ആര്‍ തന്ത്രം മാത്രമായിരുന്നു അത്.
നിര്‍ണയിച്ച സുരക്ഷിത ഇടനാഴിയിലൂടെ തെക്കൻ ഗസ്സയിലേക്ക് സഞ്ചരിക്കുന്നതിനിടെ ഈ ഫോട്ടോയിലെ വയോധികനും ഇസ്രായേല്‍ സൈന്യത്തിന്‍റെ തോക്കിനിരയായി കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ സെയ്തൂൻ പ്രദേശവാസിയായ ബഷീര്‍ ഹാജിയാണ് (70) തലക്കു പിന്നിലും പുറത്തും വെടിയേറ്റ് മരിച്ചത്. തെക്കൻ ഗസ്സയിലേക്ക് സുരക്ഷിതമായി എത്താനുള്ള സലാഹുദീൻ റോഡിലൂടെ നടന്നുനീങ്ങുന്നതിനിടെയാണ് ബഷീര്‍ ഹാജിയെ ഇസ്രായേല്‍ സൈനികരിലൊരാള്‍ സഹായിക്കുന്നത്. ഇതിന്‍റെ ചിത്രമാണ് സൈന്യം പുറത്തുവിട്ടതും. ആളുകള്‍ക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകാൻ സൈന്യം സഹായവും സംരക്ഷണവും നല്‍കുന്നുവെന്ന വ്യാജ ചിത്രം നിര്‍മിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഈ ഫോട്ടോയെടുക്കലെന്ന് ഇതോടെ വ്യക്തമായി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോഡരികില്‍ ബഷീറിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. കുടുംബം ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തുമ്ബോള്‍ തലക്കും മുതുകിലും വെടിയേറ്റ നിലയിലായിരുന്നു. സുരക്ഷിത ഇടനാഴിയുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയ വയോധികനെ ഒടുവില്‍ ഇസ്രായേല്‍ സൈന്യം തന്നെ വെടിവെച്ചുകൊന്ന സംഭവത്തില്‍ യൂറോ-മെഡിറ്റെറേനിയൻ മനുഷ്യാവകാശ സംഘടന ശക്തമായി അപലപിച്ചു.