ചെങ്കടലില്‍ വെച്ച്‌ ഇസ്രായേല്‍ കപ്പല്‍ റാഞ്ചിയെന്ന് ഹൂഥികള്‍;

"ആക്രമിക്കാൻ മാത്രം അറിയുന്ന ഇസ്രയേലിനോട് പ്രതികരിക്കേണ്ടത് അവര്‍ക്ക് തിരിയുന്ന ഭാഷയില്‍; കപ്പല്‍ പിടിച്ചെടുത്ത് തുടക്കം മാത്രം; യുദ്ധം വ്യാപിക്കരുതെങ്കില്‍ ഗസ്സയിലെ അക്രമങ്ങള്‍ നിര്‍ത്തണം"; പിടിച്ചെടുത്ത കപ്പലുമായി തങ്ങള്‍ക്ക് ബന്ധമൊന്നും ഇല്ലെന്ന് ഇസ്രായേല്‍; ഗുരുതര രാജ്യാന്തര സംഭവമെന്ന് അമേരിക്ക.

ജിദ്ദ: ചെങ്കടലില്‍ വെച്ച്‌ ഒരു ഇസ്രായേല്‍ വാണിജ്യ കപ്പല്‍ പിടിച്ചെടുത്ത്‌ യമൻ തീരത്ത് എത്തിച്ചതായി ഇറാൻ അനുകൂല അൻസാറുള്ളാ ഹൂഥി വിഭാഗം വെളിപ്പെടുത്തി.

ഗസ്സയില്‍ മര്‍ദ്ധിതരായ ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഹൂഥികളുടെ നടപടി. ഗസ്സയില്‍ ഇസ്രായേല്‍ നടത്തി കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ യുദ്ധം വ്യാപിക്കുമെന്നുള്ള മുന്നറിയിപ്പും ഹൂഥികള്‍ പ്രഖ്യാപിച്ചു.

‘ഞങ്ങളുടെ അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീൻ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഗാസ മുനമ്ബിലെ ധീരമായ ഫലസ്തീൻ പ്രതിരോധത്തെ പിന്തുണച്ചും, ലോകത്ത് സമാധാനം കാംക്ഷിക്കുന്ന ഏതൊരാളും കഴിയും വിധം ഇസ്രായേല്‍ ക്രൂരതയ്‌ക്കെതിരെ പ്രതികരിക്കണമെന്നും തങ്ങള്‍ കപ്പല്‍ പിടിച്ചെടുത്തത് ഒരു തുടക്കം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

“ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണം തടയാൻ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ നീങ്ങേണ്ടത് ഈ ലോകത്തിലെ സ്വാതന്ത്ര്യസ്നേഹിയായ ഓരോ വ്യക്തിയുടെയും കടമയാണ്, അപലപിച്ചും തള്ളിപ്പറഞ്ഞും കൊണ്ടുള്ള പ്രസ്താവനകള്‍ ഉപയോഗശൂന്യമാണെന്നും ശക്തിയുടെയും ആയുധത്തിന്റെയും ഭാഷ മാത്രം അറിയുന്ന ഇസ്രായേലിനോട് അവര്‍ക്ക് മനസ്സിലാകുന്ന വിധത്തിലാണ് പ്രതികരിക്കേണ്ടതെന്നും ഹൂഥി ഔദ്യോഗിക വാക്താവ് മുഹമ്മദ് അബ്ദുല്‍ സലാം തുടര്‍ന്നു.

“ഗാസയിലെ ഇസ്രായേലി ശത്രുവിന്റെ കുറ്റകൃത്യങ്ങള്‍ എല്ലാ പരിധികളും കവിയുകയും എല്ലാ വിശുദ്ധ കാര്യങ്ങളും ലംഘിക്കുകയും ചെയ്തുവെന്ന് ലോകം തിരിച്ചറിയണം.”

ഇസ്രായില്‍ കമ്ബനികളുടെ ഉടമസ്ഥതയിലുള്ളതോ അവര്‍ പ്രവര്‍ത്തിപ്പിക്കുന്നതോ ഇസ്രായില്‍ പതാക വഹിക്കുന്നതോ ആയ എല്ലാ കപ്പലുകളെയും ലക്ഷ്യമിടുന്നതായി മറ്റൊരു ഹൂഥി നേതാവ് യഹ്‌യ സരീഅ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പേരിടാത്ത ഒരു കപ്പല്‍ ഹൂഥികള്‍ പിടിച്ചെടുത്തതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇതിന്റെ ഉടമസ്ഥതയിലോ പ്രവര്‍ത്തനത്തിലോ അന്താരാഷ്ട്ര ജീവനക്കാരുടെ കാര്യത്തിലോ ഇസ്രായിന് പങ്കില്ലെന്നും അറിയിപ്പ് വ്യക്തമാക്കുകയും ചെയ്തു. കപ്പലില്‍ ഇസ്രായേലികളൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

കപ്പല്‍ പിടിച്ചെടുത്ത സാഹചര്യം അറിയാമെന്നും അത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക പ്രതികരിച്ചു. തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിനിടെ തെക്കന്‍ ചെങ്കടലില്‍ വെച്ച്‌ ഹൂഥികള്‍ ഒരു ചരക്ക് കപ്പല്‍ പിടിച്ചെടുത്തതായും ഇത് വളരെ ഗുരുതരമായ രാജ്യാന്തര സംഭവമാണെന്നും അമേരിക്ക വിശേഷിപ്പിച്ചു.