റിയാദ് : ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ലോകരാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരൻ.
ബ്രിക്‌സ് രാജ്യങ്ങള്‍ വിളിച്ചു ചേര്‍ത്ത അസാധാരണ യോഗത്തിലാണ് സൗദിയുടെ ആവശ്യം. 1967 അതിര്‍ത്തികളോടെ രണ്ടു രാജ്യങ്ങള്‍ പിറക്കാതെ ഫലസ്തീൻ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാകില്ലെന്നും സൗദി കിരീടാവകാശി പറഞ്ഞു.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയിലുള്ള ബ്രിക്‌സ് ഗസ്സ വിഷയത്തില്‍ ഇന്ന് അസാധാരണ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതി നിര്‍ത്തിവെക്കാൻ സൗദി ആവശ്യപ്പെട്ടത്. എല്ലാ രാജ്യങ്ങളും ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതി നിര്‍ത്തണം. പടക്കോപ്പുകളയക്കുന്നതും നിര്‍ത്തലാക്കണം. ദ്വിരാഷ്ട്ര ഫോര്‍മുല കൂടാതെ പ്രശ്‌നനപരിഹാരം ഫലസ്തീനില്‍ അസാധ്യമാണെന്നും സൗദി കിരീടാവകാശി പറഞ്ഞു.
1967-ലെ അതിര്‍ത്തിയില്‍ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഗൗരവമേറിയതും സമഗ്രവുമായ സമാധാന പ്രക്രിയ ആരംഭിക്കണം. അത് നടപ്പിലാക്കുകയല്ലാതെ ഫലസ്തീനില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ ഒരു മാര്‍ഗവുമില്ല. ബ്രിക്‌സില്‍ ചേരാൻ സൗദിക്ക് ക്ഷണം ലഭിച്ച ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇത്. 500 ദശലക്ഷം റിയാല്‍ ഇതിനകം സൗദി ഗസ്സക്കായി സമാഹരിച്ച് എത്തിക്കുന്നതായും കിരീടാവകാശി പറഞ്ഞു