സൈനിക മേധാവിയുടെ കൊലപാതകം; യു എസ് നഷ്ടപരിഹാരം നൽകണം : ഇറാൻ കോടതി

ഇറാൻ : രാജ്യത്തെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറല്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിന് യു.എസ് 5000 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിധി പുറപ്പെടുവിച്ച്‌ ഇറാനിയൻ കോടതി.

3,300ലേറെ ഇറാൻ പൗരന്മാര്‍ നല്‍കിയ ഒരു കേസിന്റെ അടിസ്ഥാനത്തില്‍ ടെഹ്‌റാനിലെ കോടതിയുടേതാണ് വിധി. കൂടാതെ, യു.എസ് ഭരണകൂടം, യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, മുൻ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.

2020 ജനുവരി 3നാണ് ട്രംപിന്റെ ഉത്തരവ് പ്രകാരം നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ ജെയിംസ് ബോണ്ടെന്ന് അറിയപ്പെട്ടിരുന്ന സൈനിക കമാൻഡര്‍ ഖാസിം സുലൈമാനിയെ ഇറാക്കിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വച്ചാണ് വധിച്ചത്.

എം.ക്യൂ – 9 റീപ്പര്‍ ഡ്രോണും അതില്‍ ഘടിപ്പിച്ചിരുന്ന എ.ജി.എം – 114 ഹെല്‍ഫയര്‍ ആര്‍ 9 എക്‌സ് ‘നിൻജ ‘ മിസൈലുകളുമാണ് സുലൈമാനിയുടെ ജീവനെടുത്തത്. ഇറാഖിലും മേഖലയിലുടനീളവുമുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും സൈനികരേയും ആക്രമിക്കാനുള്ള പദ്ധതികള്‍ സുലൈമാനിയുടെ നേതൃത്വത്തില്‍ സജീവമായി വികസിപ്പിക്കുന്നതായി യു.എസ് ആരോപിച്ചിരുന്നു.

കൊല്ലപ്പെടുമ്ബോള്‍ റെവലൂഷനറി ഗാര്‍ഡ്സിന്റെ വിദേശ ഓപ്പറേഷൻ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനായിരുന്നു സുലൈമാനി. സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖില്‍ അമേരിക്കൻ, സഖ്യസേനാ സൈനികര്‍ കഴിഞ്ഞിരുന്ന ബേസുകള്‍ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നെങ്കിലും അമേരിക്കൻ ഭാഗത്ത് മരണമുണ്ടായിരുന്നില്ല.

എന്നാല്‍ നിരവധി സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ 2020 ജനുവരി 8ന് ടെഹ്റാനില്‍ നിന്ന് കീവിലേക്ക് പറന്നുയര്‍ന്ന ഒരു യുക്രെയിൻ യാത്രാ വിമാനം ഇറാൻ അബദ്ധത്തില്‍ വെടിവച്ച്‌ വീഴ്ത്തുകയും അതിലുണ്ടായിരുന്ന 176 യാത്രക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു