ചര്‍ച്ചകളിലൂടെയല്ലാതെ സൈനിക ശക്തി പ്രയോഗിച്ച് ബന്ദികളെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രായേലിനെ വെല്ലുവിളിച്ച് ഹമാസ് സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്.
ഇസ്രായേല്‍ യുദ്ധമന്ത്രിസഭയെ അഭിസംബോധന ചെയ്ത് അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വീഡിയോ സന്ദേശത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. നെതന്യാഹുവിനും അയാളുടെ യുദ്ധമന്ത്രിസഭയ്ക്കും വൈറ്റ്ഹൗസിലെ സിയണിസ്റ്റ് ലോബിക്കും ബന്ദികളെ ചര്‍ച്ചകളിലൂടെയല്ലാതെ തിരികെ കൊണ്ടുവരാൻ പറ്റില്ല. ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ തുനിഞ്ഞ ബന്ദി കൊല്ലപ്പെട്ടത് ഇതിന്റെ തെളിവാണെന്നും’- അബൂ ഉബൈദ പറഞ്ഞു.
എന്നാല്‍ ഹമാസിന്റെ പതനം ആരംഭിച്ചതായും നിരവധി പോരാളികള്‍ ഇതിനകം അടിയറവ് പറഞ്ഞതായും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു. കീഴടങ്ങുകയല്ലാതെ ഹമാസ് പോരാളികള്‍ക്ക് മുന്നില്‍ വേറെ വഴിയില്ലെന്നും നെതന്യാഹു പറഞ്ഞു. യഹ്യ സിൻവാറിനു വേണ്ടി മരിക്കാൻ നില്‍ക്കാതെ കീഴടങ്ങുകയാണ് ഹമാസ് പോരാളികള്‍ക്ക് അഭികാമ്യമെന്നും നെതന്യാഹു നിര്‍ദേശിച്ചു. ഗസ്സയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ ആയിരക്കണക്കിന് സൈനികര്‍ക്ക് പരിക്കേറ്റതായി ഒടുവില്‍ ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇതിനിടെ, ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18,000 കടന്നു.
അതേസമയം, ഗസ്സയില്‍ ഹമാസും സേനയും നേര്‍ക്കു നേരെയുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണ്. വെടിനിര്‍ത്തല്‍ പുനരാരംഭിച്ച 10 ദിവസത്തിനുള്ളില്‍ ബെയ്ത് ഹനൂൻ മുതല്‍ ഖാൻ യൂനിസ് വരെ 180ലധികം ഇസ്രായേല്‍ സൈനിക കവചിതവാഹനങ്ങളും ടാങ്കുകളും ബുള്‍ഡോസറുകളും ഭാഗികമായോ പൂര്‍ണമായോ നശിപ്പിച്ചതായും അല്‍ഖസ്സാം ബ്രിഗേഡ് പറയുന്നു. രണ്ടു നാളുകള്‍ക്കുള്ളില്‍ 40 സൈനികരെ വധിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് പോരാളികള്‍ ഉറച്ചുനിന്ന് പോരാടാനുള്ള അവസരത്തിനായി കാത്തിരിക്കുകയുമാണെന്ന് അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വ്യക്തമാക്കി.
പ്രത്യാക്രമണത്തില്‍ തങ്ങളുടെ 5,000ലേറെ സൈനികര്‍ക്ക് പരിക്കേറ്റതായും 2,000ലേറെ പേര്‍ പൂര്‍ണ അംഗപരിമിതരായതായും പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം. സൈനികരും സാധാരണക്കാരുമായി പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത് 10,584 പേരാണെന്നും ഇവരില്‍ 131 പേര്‍ മരിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. ഗസ്സയില്‍ നിന്ന് നൂറുകണക്കിന് സാധാരണക്കാരെ അറസ്റ്റ് ചെയ്ത് അടിവസ്ത്രത്തില്‍ നിര്‍ത്തിയ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്.
സൈന്യം പുറത്തുവിട്ട ചിത്രം ഇസ്രായേലിന്റെ പ്രതിച്ഛായയ്ക്ക് നിരക്കുന്നതല്ലെന്ന് ദേശീയ സുരക്ഷാ വിഭാഗം പ്രതികരിച്ചു. പിടികൂടിയവരില്‍ ആയുധങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് സൈന്യം പറയുന്നത്. ഇറാനുമായി കൈകോര്‍ക്കുന്ന നടപടിയില്‍ നിന്ന് പിൻവാങ്ങണമെന്ന് റഷ്യയോട് ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഇന്നലെ പുടിനെ ഫോണില്‍ വിളിച്ചാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഗസ്സയില്‍ തുടരുന്ന ഇസ്രായേല്‍ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് പുടിന്റെ മറുപടി.
പ്രതികൂല സാഹചര്യമാണെങ്കിലും ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിനു വേണ്ടി സാധ്യമായ എല്ലാ നയതന്ത്ര നീക്കങ്ങളും തുടരുമെന്ന് യു.എൻ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുര്‍റഹ്മാൻ ആല്‍ഥാനിയും പ്രതികരിച്ചു.