ആഭ്യന്തര യുദ്ധത്തിന് തിരിശീലവീണേക്കുമെന്ന ശുഭസൂചന. സൗദി പിന്തുണയുള്ള യെമൻ സര്‍ക്കാരും ഇറാൻ അനുകൂല ഹൂതികളും വെടിനിര്‍ത്തലിലേക്ക് യെമനിലെ യുഎൻ പ്രത്യേക ദൂതൻ ഇന്ന് (2023 ഡിസം 24) പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഹൂതികളുടെ അധീനതയിലാണ് വടക്കൻ യെമൻ. 2015 മുതല്‍ യെമൻ ആഭ്യന്തര യുദ്ധത്തിലാണ്. ഒരു ഭാഗത്ത് സൗദി സഖ്യവും മറുഭാഗത്ത് ഇറാൻ – സഖ്യഹൂതികളും. സംഘര്‍ഷത്തില്‍ ആയിരകണക്കിന് ജീവൻ പൊലിഞ്ഞു. ലക്ഷക്കണക്കിനുവരുന്ന യെമനിലെ 80 ശതമാനം ജനങ്ങളും രാജ്യാന്തര സമൂഹത്തിൻ്റെ സഹായത്തെ ആശ്രയിയ്ക്കേണ്ട ദുരവസ്ഥയിലാണ്.
രാജ്യവ്യാപക വെടിനിര്‍ത്തലിലൂടെ യെമനിലെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുനരാരംഭിക്കുന്നതിനുമുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യുഎൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെര്‍ഗിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. യുഎൻ ഇടപ്പെടലുകളിലൂടെ വെടിനിറുത്തല്‍ പ്രക്രിയ സു സാധ്യമാക്കുന്നതിൻ്റെ ദിശയിലുള്ള മാര്‍ഗരേഖ തയ്യാറാക്കപ്പെടുമെന്ന് ഗ്രണ്ട്‌ബെര്‍ഗ് പ്രസ്താവനയില്‍ പറയുന്നു.
വെടിനിര്‍ത്തലിനൊപ്പം എണ്ണ കയറ്റുമതി പുനരാരംഭിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്ബളം നല്‍കുക. യെമനിലെ തായ്‌സിലുള്‍പ്പെടെ റോഡുകള്‍ തുറക്കുക. സനാ വ്യോമത്താവള – ഹുദൈദ തുറമുഖ നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവുവരുത്തുക. ഇപ്പറഞ്ഞതൊക്ക മാര്‍ഗരേഖയിലിടം പിടിച്ചേക്കുമെന്നു യുഎൻ ദൂതല്‍ പ്രസ്താവനയില്‍ പറഞ്ഞു. വെടിനിറുത്തല്‍ ഘട്ടത്തിലെത്താൻ കക്ഷികളെ പ്രേരിപ്പിക്കുന്നതില്‍ സൗദി അറേബ്യയും ഒമാൻ സുല്‍ത്താനേറ്റും വഹിച്ച പ്രധാന പങ്കിനെ ഗ്രണ്ട്ബെര്‍ഗ് അഭിനന്ദനം അറിയിച്ചു.
അനുരഞ്ജനത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വെടിനിറുത്തല്‍ രൂപരേഖ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനുമായ് ഈ നിര്‍ണായക സമയത്ത് സര്‍വ്വ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 2014ല്‍ തലസ്ഥാനമായ സനയില്‍ നിന്ന് യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സൗദി പിന്തുണയുള്ള സര്‍ക്കാരിനെ ഹൂതികള്‍ പുറത്താക്കി. ഇതേ തുടര്‍ന്നാണ് ഇറാൻ സഖ്യ ഹൂതികളും സൗദി സഖ്യ യെമൻ സംഘവും തമ്മിലുള്ള പോരാട്ടത്തിന് വഴിതുറന്നത്.
ആഭ്യന്തര യുദ്ധത്തിന് അറുതിയിടുവാനുള്ള ഐക്യരാഷ്ട്രസഭാ മേല്‍നോട്ടത്തിലുള്ള രൂപരേഖക്കുള്ള ശ്രമങ്ങളെ സൗദി സഖ്യ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തതായി യെമൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി സാബ (SABA) റിപ്പോര്‍ട്ട് ചെയ്തു. വെടിനിറുത്തല്‍ രൂപരേഖയെപ്രതി ഹൂതി പ്രസ്ഥാനം ഇനിയും പ്രതികരിച്ചിട്ടില്ലെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. യുഎൻ സമാധാന ശ്രമങ്ങള്‍ക്ക് സമാന്തരമായി റിയാദും സനയും തമ്മിലുള്ള ഒമാനി മധ്യസ്ഥ ആദ്യഘട്ട ചര്‍ച്ചകള്‍ക്കായ് ഈ വര്‍ഷം ഏപ്രിലില്‍ സൗദി പ്രതിനിധികള്‍ സന സന്ദര്‍ശിക്കുകയുണ്ടായി. ഇതിൻ്റെ തുടര്‍ച്ചയെന്നോണം ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ഈ സെപ്തംബറില്‍ ഹൂതി മേധാവികള്‍ റിയാദ് സന്ദര്‍ശിച്ചിരുന്നു.
ചൈനീസ് മധ്യസ്ഥതയില്‍ ബദ്ധവൈരികളായ സൗദി അറേബ്യയും ഇറാനും ബന്ധം പുനഃസ്ഥാപിക്കാൻ സമ്മതിച്ചതിനെ തുടര്‍ന്നാണ് യമൻ സമാധാന ദൗത്യങ്ങള്‍ ശക്തി പ്രാപിച്ചത്. യെമനിലെ സ്ഥിരം വെടിനിര്‍ത്തല്‍ മധ്യപൗരസ്ത്യ ദേശത്തെ സുസ്ഥിരമാക്കുന്നതില്‍ നാഴികക്കല്ലായി മാറും.