കരുണ ഉണ്ടാവില്ല ട്രംപിനും നെതന്യാഹുവിനും ഖമേനിയുടെ മറുപടി

ഇറാൻ: കീഴടങ്ങണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിൻ്റെ പ്രസ്‌താവനക്ക് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. ഇസ്രയേലിനോട് കരുണ ഉണ്ടാകില്ലെന്നും ഒന്നിനും വഴങ്ങില്ലെന്നും ഖമേനി പറഞ്ഞു. ഔദ്യോ​ഗിക എക്‌സ് പോസ്റ്റിലൂടെ ഹീബ്രു ഭാഷയിലായിരുന്നു ഖമേനിയുടെ പ്രതികരണം.

ഇറാൻ്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിൽ ആണെന്നാണ് നിലവിൽ ട്രംപ് അവകാശപ്പെടുന്നത്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും ട്രംപ് ചൊവാഴ്‌ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷേ, സുരക്ഷിതനാണ്. ഇപ്പോഴെന്തായാലും അദ്ദേഹത്തെ വധിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല’, -ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കന്‍ സൈനികര്‍ക്കും ഇറാനിലെ സാധാരണക്കാര്‍ക്കും മേലെ മിസൈൽ പതിക്കാൻ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. തങ്ങളുടെ ക്ഷമ നശിച്ചെന്നും ട്രംപ് വ്യക്തമാക്കി.

ഇസ്രയേൽ- ഇറാൻ സംഘർഷം തീർക്കാൻ വെടിനിർത്തലല്ല പരിഹാരമെന്നും ട്രംപ് പറഞ്ഞിരുന്നു. പൂർണമായും സംഘർഷം അവസാനിപ്പിക്കാനാണ് തൻ്റെ ശ്രമമെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ദേശീയ സുരക്ഷാ സംഘവുമായി വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് നടത്തിയ ഒന്നര മണിക്കൂർ നീണ്ട ചർച്ചയാണ് യുഎസും ഇറാനിൽ നേരിട്ട് ഇടപെട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.

ഇറാനിലെ ആണവ കേന്ദ്രങ്ങൾ മാത്രം ആക്രമിക്കാനാണ് യുഎസ് പദ്ധതി എന്നാണ് സൂചന. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടും ഇത് സംബന്ധിച്ച് ആശയവിനിമയം അമേരിക്കൻ ഉദ്യോഗസ്ഥർ നടത്തിയെന്നാണ് റിപ്പോർട്ട്.

ഇറാനിലെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ഇസ്രയേല്‍ അമേരിക്കയോട് ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ക്ക് 20 അടി നീളവും 30,000 പൗണ്ട് ഭാരവുമുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഒരു ലക്ഷ്യത്തിനുള്ളിൽ 200 അടി ആഴത്തിൽ തുളച്ചുകയറി പിന്നീട് പൊട്ടിത്തെറിക്കാൻ കഴിവുളള ബോംബുകളാണിത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ അമേരിക്ക ഇതിനോട് പ്രതികരിച്ചട്ടില്ലെന്നാണ് റിപ്പോർട്ട്.

ടെൽ അവീവിൽ ഫത്താ മിസൈലുകൾ ഉപയോ​ഗിച്ചതായി ഇറാനും വെളിപ്പെടുത്തിയിരുന്നു. ദ ഓപ്പണർ എന്ന് അർത്ഥം വരുന്ന ഫത്ത മിസൈലുകൾ ഇറാൻ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈപ്പർസോണിക് മിസൈൽ ആണെന്നാണ് റിപ്പോർട്ട്.
വ്യത്യസ്‌ത ദിശകളിലും ഉയരങ്ങളിലും നീങ്ങുന്നതിനാൽ ഫത്തയെ മറ്റൊരു മിസൈലിനും നശിപ്പിക്കാൻ കഴിയില്ലെന്നാണ് ഐആർജിസി എയ്‌റോസ്‌പേസ് മേധാവി അമീർ അലി ഹാജിസാദെ അഭിപ്രായപ്പെട്ടത്.