റിയാസ് മൗലവിയുടെ കൊലപാതകം ; സോഷ്യൽ മീഡിയകളിൽ വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി പോലീസ്‌

തിരുവനന്തപുരം : റിയാസ് മൗലവി വധക്കേസിൻ്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്.
റിയാസ് മൗലവിയുടെ കൊലപാതക കേസിലെ പ്രതികളെ കഴിഞ്ഞദിവസം കോടതി വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചരണങ്ങൾ നടന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പോലീസ് കർശന നിരീക്ഷണം ആരംഭിച്ചത്.
ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും, ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേരള പോലീസ് അറിയിച്ചു.